തൃശൂർ: പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തിയത് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി രംഗത്ത്. ക്ഷേത്രത്തിൽ ദർശനത്തിനായല്ല, പുസ്തക രചനയുടെ ഭാഗമായി പഠനത്തിനായാണ് സന്ദർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊടുങ്ങല്ലൂർ ക്ഷേത്രം സന്ദർശിച്ചെങ്കിലും അകത്ത് കയറി ദർശനം നടത്തിയില്ലെന്നാണ് റിപ്പോർട്ട്. ജയരാജൻ ക്ഷേത്രപരിസരത്ത് എത്തിയതോടെ ചിലർ വീഡിയോ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ബിജെപി നേതാക്കൾ, “ദർശനത്തിനായി എത്തിയെങ്കിലും ആളുകൾ ശ്രദ്ധിച്ചതോടെ പിൻമാറി” എന്നാരോപിച്ചു. ബിജെപി നേതാക്കളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതും.
അതേസമയം, “സനാതനികളുടെ ഹിന്ദുത്വ വഴികൾ” എന്ന പുസ്തകത്തിന്റെ രചനയുടെ ഭാഗമായാണ് സന്ദർശിച്ചതെന്ന് ജയരാജൻ വിശദീകരിച്ചു. ബ്രാഹ്മണീയമല്ലാത്ത ആചാരരീതികൾ ഇപ്പോഴും നിലനിൽക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചുള്ള അധ്യായത്തിനായാണ് പഠനം നടത്തുന്നതെന്നും, അതിൽ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ കാവെന്നും അദ്ദേഹം പറഞ്ഞു.
കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയതായും, തുടർന്ന് ക്ഷേത്രപരിസരം നേരിൽ കാണാൻ തീരുമാനിച്ചതായും ജയരാജൻ വ്യക്തമാക്കി.
കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ തുടങ്ങിയവയ്ക്ക് സവിശേഷമായ ചരിത്ര-സാംസ്കാരിക പശ്ചാത്തലമുണ്ടെന്നും, അവ നേരിൽ കണ്ടു മനസ്സിലാക്കേണ്ടവയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിരവധി ആരാധനാലയങ്ങൾ, അജ്മീർ ദർഗ, സുവർണ ക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്നും, അത് ഭക്തിപ്രകടനത്തിനല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ മനസ്സിലാക്കാനാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. “കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് ഞാൻ ഭക്തനായി മാറിയെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരോട് സഹതാപമേ ഉള്ളൂ” എന്നും അദ്ദേഹം പ്രതികരിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
