അജിത് കുമാറിന് ഡിജിപി സ്ഥാനക്കയറ്റമില്ല; സസ്പെൻഷനോടെ അർഹത നഷ്ടമായെന്ന് ആഭ്യന്തരമന്ത്രി

JULY 28, 2026, 10:35 PM

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതെന്നും, നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്നും മന്ത്രി പറഞ്ഞു.

സ്ഥാനക്കയറ്റത്തിന് ഇനി പ്രത്യേക സ്ക്രീനിംഗ് കമ്മിറ്റി ആവശ്യമില്ലെന്നും, അജിത് കുമാറിന് പ്രമോഷൻ ലഭിക്കാത്ത സാഹചര്യത്തിൽ പട്ടികയിലെ അടുത്ത ഉദ്യോഗസ്ഥന് അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വസ്തുതകൾ അറിയാതെയാണ് പലരും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

"ഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. അതീവ ജാഗ്രതയോടെയാണ് നടപടി സ്വീകരിച്ചത്. കേന്ദ്ര സർവീസിലുള്ള ഒരു ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം തടയാൻ സസ്പെൻഷൻ, വകുപ്പുതല നടപടി, അല്ലെങ്കിൽ കുറ്റപത്രം സമർപ്പിച്ച ക്രിമിനൽ കേസ് എന്നീ സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് മതിയാകും. അജിത് കുമാർ നിലവിൽ സസ്പെൻഷനിലായതിനാൽ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഇനി സംശയങ്ങൾക്ക് ഇടയില്ല," മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അജിത് കുമാർ ഡിജിപി പദവിക്ക് യോഗ്യനല്ലെന്നും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണെന്നുമാണ് ട്രിബ്യൂണലിന്റെ നിരീക്ഷണം. സർക്കാരിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് ട്രിബ്യൂണൽ ഹർജി തള്ളിയത്.

സസ്പെൻഷൻ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അജിത് കുമാർ ട്രിബ്യൂണലിനെ സമീപിച്ചത്. മന്ത്രിസഭ പുതിയ ഡിജിപിമാരെ തീരുമാനിക്കുന്നതിന് മുമ്പ് തന്റെ ഹർജി പരിഗണിക്കണമെന്നും, അല്ലാത്തപക്ഷം തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ചശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam