ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്.
എഫ്ഐആറിൽ പേര് ചേർക്കുകയോ കൂടുതൽ വകുപ്പുകൾ ചുമത്തുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മന്ത്രി എം. ലിജുവിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. പ്രതിക്ക് അനുകൂലമായി മന്ത്രി ഇടപെട്ടുവെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം തള്ളി മന്ത്രിയും രംഗത്തെത്തി. ഡിവൈഎഫ്ഐ ആരോപണം പൂർണമായി കളവാണെന്ന് മന്ത്രി വിശദീകരിച്ചു.
അതേസമയം സുഹൈൽ സജീവിനും നിനവ്, ജോയൽ, അമീൻ എന്നിവർക്കും വേണ്ടി അഭിഭാഷകർ ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കോടതി അപേക്ഷകൾ പരിഗണിക്കുക. സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
അപകടവുമായി ബന്ധപ്പെട്ട് സുഹൈലിനെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.അപകടം നടന്ന സ്ഥലത്തും സുഹൈൽ മദ്യപിച്ചെന്ന് പറയുന്ന ബാറുകളിലും പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയുടെ രക്തസാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇയാൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാകൂ. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാതിരുന്നതിന്റെ പേരിലാണ് കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
