കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയ്‌ക്കെതിരെ ഗുരുതരമായ വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രതി സുഹൈലിനെതിരെ കർശനമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ഡിജിപി പറഞ്ഞു.
അതേസമയം, പ്രതിക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. 'കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും.
അതിൽ ഒരു സംശയവും വേണ്ട. പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. നിയമം അനുസരിച്ചാണ് പ്രതിയെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചത്. ഇതിന് അർത്ഥം പ്രതി രക്ഷപ്പെടുമെന്നല്ല. ശക്തമായ നടപടി തന്നെ പ്രതിക്കെതിരെ ഉണ്ടാകും', ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദുരൂഹതയെന്ന് ആരോപണം ഉയർന്നിരുന്നു. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്ഐറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എഫ്ഐആറിൽ എവിടെയും മദ്യം എന്നൊരു വാക്ക് പോലുമില്ലെന്നുമാണ് ആരോപണം. പ്രതി സുഹൈലിന്റെ പേര് എഫ്ഐആറിൽ ചേർത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അൺനോൺ എന്ന വാക്കാണ് പ്രതിയുടെ കോളത്തിൽ ചേർത്തിരിക്കുന്നത്. കാറിന്റെ നമ്പർ മാത്രമാണ് എഫ്ഐആറിൽ ഉള്ളത്. 'പ്രതിയുടെ പ്രവർത്തി മൂലം' എന്ന് തുടങ്ങുന്ന എഫ്ഐആറിൽ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവർത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. മദ്യപാനം സംശയിക്കുന്നതായുള്ള ഒരു വാക്കും എഫ്ഐആറിൽ ഇല്ല. പ്രതി മൂന്ന് ബാറുകളിൽ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തൽ. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷം അഡൾട്ട് ജയിലിലേക്ക് അയക്കാതെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
