എസ്എംഎ മരുന്ന് വാങ്ങാനുള്ള ഉത്തരവിന് മുൻപ് നാറ്റ്കോ പ്രതിനിധികൾ മന്ത്രിയെ കണ്ടു; വിവാദം പുതിയ വഴിത്തിരിവിൽ

OCTOBER 21, 2026, 11:30 PM

തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗികൾക്ക് നൽകുന്ന ജീവൻരക്ഷാ മരുന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, നാറ്റ്കോ ഫാർമ കമ്പനിയുടെ പ്രതിനിധികൾ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്. രോഗികൾക്കായി നാറ്റ്സ്മാർട്ട് മരുന്ന് വാങ്ങാനുള്ള ഉത്തരവ് ഇറങ്ങുന്നതിന് മുൻപ്, ഓഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച. സർക്കാർ ആശുപത്രികൾ സന്ദർശിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും കമ്പനിയുടെ പുതിയ പദ്ധതികളെക്കുറിച്ച് അറിയിക്കുന്നതിനുമാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

നാറ്റ്കോയുടെ കേരള മേധാവിയും ദേശീയതല ചുമതലക്കാരനുമാണ് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇവർക്കൊപ്പം എസ്എടി ആശുപത്രി ഡയറക്ടർ ഡോ. ഐ. റിയാസും ചീഫ് ഫാർമസിസ്റ്റ് എ. ബിജുവും ഉണ്ടായിരുന്നു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രി വഴിയാണ് എസ്എംഎ ബാധിതർക്ക് സർക്കാർ സൗജന്യമായി മരുന്ന് നൽകുന്നത്.

അതേസമയം, മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് രോഗികളുടെ രക്ഷിതാക്കൾക്ക് ആശങ്കയോ പരാതിയോ ഇല്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ചോദ്യം ചെയ്യുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ കമ്പനിയുടെ കുറഞ്ഞ വിലയുള്ള ജനറിക് മരുന്നിലേക്ക് മാറാനുള്ള സർക്കാർ തീരുമാനത്തിനെതിരെ, എസ്എംഎ ബാധിതനായ മൂന്ന് വയസുകാരന്റെ അമ്മ ആരോഗ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾ പുറത്ത് വിട്ടു.

vachakam
vachakam
vachakam

പുതിയ മരുന്ന് വാങ്ങാനുള്ള ഉത്തരവും കരാറും ഉണ്ടാകുന്നതിന് മുൻപുതന്നെ രക്ഷിതാക്കൾ തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും കത്തിലൂടെ മന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പുതിയ ജനറിക് മരുന്നിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ.

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിതരണം ചെയ്ത പുതിയ മരുന്നിന്റെ കുപ്പികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മാത്രമുള്ളതാണെന്ന സൂചന രേഖപ്പെടുത്തിയിരുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ തങ്ങളുടെ കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയരാക്കുകയാണോ എന്ന ആശങ്കയും മാതാപിതാക്കൾക്കുണ്ടായി.

വിലകൂടിയ വിദേശ മരുന്ന് ഉപയോഗിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുണ്ടായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാകാത്ത പുതിയ ജനറിക് മരുന്നിലേക്ക് പെട്ടെന്ന് മാറുന്നത് കുട്ടികളുടെ ആരോഗ്യനില വീണ്ടും മോശമാക്കുമോ എന്നതാണ് അവരുടെ പ്രധാന ആശങ്ക.

vachakam
vachakam
vachakam

പുതിയ ജനറിക് മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മരുന്ന് മാറ്റരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി കെ. മുരളീധരന്റെ വാദം. എന്നാൽ, മരുന്ന് മാറ്റുന്നതിന് മുൻപുതന്നെ മന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ ഈ വാദം വീണ്ടും ചർച്ചയാകുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam