തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നീക്കങ്ങൾ സംസ്ഥാനത്ത് വിഭാഗീയത വളർത്താനാണെന്ന് വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുസ്ലിം ലീഗ് ദുര്‍ബലമാകുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ആ രാഷ്ട്രീയ ഇടം വർഗീയ ശക്തികൾ കൈയ്യടക്കുമെന്നും, അതിനെ തടഞ്ഞുനിർത്തുന്ന പ്രധാന മതേതര രാഷ്ട്രീയ ശക്തികളിൽ ഒന്നാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ നിർണായക ഘടകകക്ഷിയായ മുസ്ലിം ലീഗ് ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. ലീഗിനെതിരെ നടത്തുന്ന പ്രചാരണങ്ങൾ ആസൂത്രിതമാണെന്നും, അതിലൂടെ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
“വിദ്വേഷ പ്രചാരണത്തോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മതേതര നിലപാടുകളിൽ നിന്ന് പിന്നോട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തും അതേ നിലപാടായിരുന്നു, തെരഞ്ഞെടുപ്പിന് ശേഷവും അതുതന്നെയായിരിക്കും,” എന്ന് വി ഡി സതീശൻ പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക സൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും, വരും തലമുറകൾ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയത പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സംസ്ഥാനത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്തുമെന്ന് വി ഡി സതീശൻ അറിയിച്ചു. മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം തന്റെ നേതാവാണെന്നും സതീശൻ പറഞ്ഞു. “ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. നല്ല ഒരു ടീം ഉണ്ടാകണം,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
