തിരുവനന്തപുരം: പാലക്കാട് ചിറ്റൂർ മൂലത്തറയിൽ ഭിക്ഷാടകനെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയ സംഭവം നിയമസഭയിൽ ഉന്നയിച്ച് എംഎൽഎ സുമേഷ് അച്യുതൻ. ഉത്തരേന്ത്യയിൽ കാണുന്ന രീതിയിലുള്ള ക്രൂരമായ ആക്രമണമാണ് നടന്നതെന്നും കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ അമ്പതിലധികം മുറിവുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പൊലീസ് സമയബന്ധിതമായി ഇടപെട്ടതായും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
സംഭവത്തിൽ മറുപടി നൽകിയ ആഭ്യന്തര മന്ത്രി, അട്ടപ്പാടിയിലെ മധുവിന്റെ ദാരുണമായ അനുഭവമാണ് മൂലത്തറയിലെ കൊലപാതകം ഓർമിപ്പിക്കുന്നതെന്ന് പറഞ്ഞു. മധുവിന്റെ സംഭവം ഇത്തരത്തിലുള്ള അവസാന അനുഭവമായിരിക്കുമെന്ന് കരുതിയെങ്കിലും സമാനമായ ദുരന്തം വീണ്ടും ആവർത്തിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടയാളുടെ കുടുംബം ആരുടെയും പിന്തുണയില്ലാതെ വേദന സഹിച്ച് കഴിയുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊല്ലപ്പെട്ടയാൾ നഗ്നതാ പ്രദർശനം നടത്തിയെന്ന ആരോപണമാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മൂലത്തറയിൽ കൊല്ലപ്പെട്ട ഏകദേശം 40 വയസ്സുള്ള ഭിക്ഷാടകനെ തിരിച്ചറിയാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് സാധിച്ചിട്ടില്ല. ഇയാൾ തമിഴ്നാട് സ്വദേശിയാകാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. തിരിച്ചറിയൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം അയൽസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു.
ചിറ്റൂർ മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്നാട്ടിലെത്തി അന്വേഷണം നടത്തിവരികയാണ്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. പൊള്ളാച്ചി, ആനമല പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
