കൊച്ചി: രാഷ്ട്രീയത്തിലെ കടുത്ത നിലപാടുകൾക്കപ്പുറം തന്റെ വ്യക്തിജീവിതത്തെയും വൈകാരിക നിമിഷങ്ങളെയും കുറിച്ച് മനസുതുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാലുമായി ഇരുവർ എന്ന പരിപാടിയിൽ നടത്തിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ബാല്യകാലം, മാതാവ്, അന്തരിച്ച സഹപ്രവർത്തകൻ കോടിയേരി ബാലകൃഷ്ണൻ എന്നിവരെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.
നമുക്ക് ശേഷം വിട്ടുപിരിയേണ്ടവർ എന്ന് കരുതിയവർ നേരത്തെ പോയപ്പോൾ വലിയ വിഷമമുണ്ടാക്കിയെന്ന് കോടിയേരിയെ സ്മരിക്കവേ അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ മരണവാർത്ത തനിക്ക് വലിയ ആഘാതമായിരുന്നുവെന്നും അനുശോചന യോഗത്തിൽ പോലും സംസാരിച്ച് പൂർത്തിയാക്കാൻ തനിക്ക് സാധിച്ചില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
മാതാവിന്റെ വേർപാടിനെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. തിരുവനന്തപുരത്തായിരുന്ന സമയത്ത് മാതാവിന് സുഖമില്ലെന്നറിഞ്ഞ് നാട്ടിലെത്തിയതും, താൻ നൽകിയ തുള്ളിവെള്ളം കുടിച്ചതിന് പിന്നാലെ അമ്മ വിടവാങ്ങിയതും അദ്ദേഹം ഓർത്തെടുത്തു.
മരണവിവരം പുറത്തറിയിക്കാൻ പോലും വാക്കുകൾ കിട്ടാതെ താൻ പ്രയാസപ്പെട്ട നിമിഷം ജീവിതത്തിൽ മറക്കാനാവാത്ത ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും മുമ്പിൽ കൈനീട്ടാതിരിക്കുക, തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നതായിരുന്നു കുട്ടിക്കാലം മുതൽക്കേ താൻ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാല പാഠങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഒരിക്കൽ യാത്രയ്ക്കായി ഒരാളിൽ നിന്ന് 25 പൈസ കടം വാങ്ങിയതിന് പാർട്ടി പ്രവർത്തകൻ വഴക്കുപറഞ്ഞത് തന്റെ ജീവിതത്തിലെ വലിയ പാഠമായിരുന്നുവെന്നും അതിനുശേഷം ആരോടും പണം കടം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് കാലത്തെ ഒരു സുഹൃത്ത് മദ്യപാനത്തിന് അടിമയായപ്പോൾ ബന്ധം ഉപേക്ഷിച്ചത് അയാളെ കൂടുതൽ തകർച്ചയിലേക്ക് നയിച്ചുവെന്നും, ആ പിൻവാങ്ങൽ വേണ്ടിയിരുന്നില്ല എന്ന് പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്നെ തളർത്താൻ പലവിധ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും പാർട്ടിയോടുള്ള വിശ്വാസമാണ് തനിക്ക് കരുത്ത് നൽകുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഓരോ കാലത്തും ഓരോ നിയോഗങ്ങളുണ്ടെന്നും അത് നിർവഹിക്കുക എന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് കീഴ്‌പ്പെട്ട് പോകുന്ന വ്യക്തിയാണ് താനെന്നും പാർട്ടിയെ മാത്രമേ ഭയമുള്ളൂവെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, വിയോജിക്കുന്നവരോട് തനിക്ക് വിദ്വേഷമില്ലെന്നും തന്റെ പ്രചോദനം എ.കെ.ജി ആണെന്നും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
