കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടിയിലേറെ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനാ റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പ്രതികരിച്ചു.
സുഹൈലിന്റെ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം.
അപകടസമയത്ത് സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. പരിശോധനാ ഫലം ഈ മൊഴികളെ പിന്തുണയ്ക്കുന്നതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രക്തത്തിൽ അനുവദനീയമായ മദ്യത്തിന്റെ അളവ് 30 മില്ലിഗ്രാമാണെന്നും ഇതിന്റെ അഞ്ചിരട്ടിയിലേറെ സുഹൈലിന്റെ സാമ്പിളിൽ കണ്ടെത്തിയെന്നുമാണ് റിപ്പോർട്ടിലുള്ളത്.
സുഹൈൽ രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം ലഭിക്കാൻ ഇനിയും സമയമെടുക്കും. നിലവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
