കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കുംഭമേള വൈറൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വിഎച്ച്പി നേതാവ് അനിൽ വിളയിലടക്കം ചിലർ പ്രതികളായ കേസിൽ, മോശമായി പെരുമാറിയെന്നാരോപിച്ച് സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പോക്‌സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മധ്യപ്രദേശ് പൊലീസിനോട് റിപ്പോർട്ട് തേടി കോടതി നിർദേശം നൽകി. മെയ് 20നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മഹേശ്വർ സ്റ്റേഷൻ എസ്‌എച്ച്ഒയ്ക്കാണ് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി നിർദേശം നൽകിയത്. അഭിഭാഷകൻ പി. നാഗരാജ് നൽകിയ ഹർജിയിലാണ് നടപടി.
വിവാഹവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എം.പി. എ.എ. റഹീം എന്നിവരടക്കം ആറുപേർക്കെതിരെ പോക്‌സോ കേസ് എടുക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
ഇതിനിടെ, പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതായി ആരോപിച്ച് മാതാപിതാക്കൾ ഫർമ്മാൻ ഖാനെതിരെ മധ്യപ്രദേശിൽ പരാതി നൽകിയിരുന്നു. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയായയാളാണെന്നും വിവാഹം നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട രേഖകൾ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.
കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമ്മാൻ ഖാനും മാർച്ച് 11നാണ് വിവാഹിതരായത്. കേരളത്തിലെ പൂവാറിന് സമീപം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
കേസിൽ ഫർമ്മാൻ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
