കണ്ണൂർ: പരാതി നൽകാനെത്തിയ ആൾ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്നു കളഞ്ഞതായി റിപ്പോർട്ട്. കണ്ണൂരിൽ ആണ് സംഭവം ഉണ്ടായത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടി. ഹംസത്ത് (49) എന്നയാളാണ് പിടിയിലായത്. തൃശൂർ ജില്ലയിലെ തൊഴിയൂർ സ്വദേശിയാണ് ഇയാൾ.
ശനിയാഴ്ച പുലർച്ചെ ഏകദേശം 1.15ഓടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി നൽകാനാണ് ഹംസത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പരാതി സൈബർ ക്രൈം വിഭാഗത്തിൽ നൽകണമെന്ന് പൊലീസ് നിർദേശിച്ചതിനെ തുടർന്ന് സമീപത്തെ സൈബർ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഓഫീസ് അടച്ച നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
ഇതിനിടെയാണ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിനകത്ത് താക്കോൽ ഉണ്ടായിരുന്നതിനാൽ ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഇയാൾ കടന്നുകളയുകയായിരുന്നു.
പോലീസ് ജീപ്പുമായി പോയ ഹംസത്ത് ആദ്യം ഒരു പെട്രോൾ പമ്പിലെത്തി ഇന്ധനം നിറയ്ക്കുകയും “ബിൽ പൊലീസിന്റെ അക്കൗണ്ടിൽ ചേർത്താൽ മതി” എന്നും പറഞ്ഞതായി റിപ്പോർട്ടുണ്ട്.
തുടർന്ന് ശ്രീനാരായണ പാർക്ക് സമീപത്തെ തട്ടുകടയിൽ എത്തിയപ്പോൾ ജീവനക്കാർക്ക് സംശയം തോന്നി. മുഷിഞ്ഞ വസ്ത്രവും മദ്യലഹരിയിലായുള്ള പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ അവർ ജീപ്പിന്റെ താക്കോൽ പിടിച്ചുവാങ്ങി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി ഹംസയെ കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
