മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യാസഹോദരനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രൻ (43) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ 5.45ഓടെയായിരുന്നു സംഭവം.
ഭാര്യയുമായി കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ജയചന്ദ്രൻ, പുലർച്ചെ ഭാര്യാസഹോദരന്റെ വീട്ടിലെത്തി ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാർ ഇത് നിരസിച്ചതോടെ ഇയാൾ പ്രകോപിതനായി കൈവശമുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് ഭാര്യാസഹോദരന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വെടിയുണ്ട ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ഭാര്യാസഹോദരൻ തോക്ക് കൈകൊണ്ട് തട്ടിമാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
വിവരമറിഞ്ഞെത്തിയ പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്‌പെക്ടർ ദിനേശ് കുമാർ, എ.എസ്.ഐ സുബ്രഹ്മണ്യൻ, സി.പി.ഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
