ടെഹ്‌റാന്‍: ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക മേഖലയെയും ആശങ്കയിലാഴ്ത്തി ലോകത്തിലെ ഏറ്റവും പ്രമുഖ എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ നാവികസേന ഏഴ് എണ്ണക്കപ്പലുകള്‍ ആക്രമിച്ചു. അസോസിയേറ്റഡ് പ്രസ്സ് വ്യക്തമാക്കുന്നതനുസരിച്ച്, നാല് എണ്ണക്കപ്പലുകള്‍ക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടായപ്പോള്‍ മറ്റ് മൂന്ന് കപ്പലുകള്‍ നാവിക മൈനുകളില്‍ തട്ടി പൂര്‍ണ്ണമായി തകരുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയും ചില കപ്പലുകള്‍ കടലില്‍ കത്തിയെരിയുന്ന സ്ഥിതിയിലായിരുന്നുവെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിനുശേഷം ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളില്‍ ഒന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ കടത്തിവിടാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്ന യു.എസ് സൈന്യത്തിന് ഇറാന്‍ ശക്തമായ താക്കീത് നല്‍കി.
ഇനിയും എണ്ണക്കടത്തുമായി മുന്നോട്ട് പോയാല്‍ മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്ന് ഐ.ആര്‍.ജി.സി വ്യക്തമാക്കി. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ ഇസ്രയേലും യു.എസും പദ്ധതിയിടുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതുകൂടാതെ, യമനിലെ ഹൂതി വിമതരുടെ ഭാഗത്ത് നിന്നുള്ള ആക്രമണ സാധ്യത മുന്‍നിര്‍ത്തി സൗദി അറേബ്യയിലെ എംബസിയില്‍ നിന്ന് തങ്ങളുടെ ജീവനക്കാരെ അമേരിക്ക ഈയിടെ പിന്‍വലിച്ചിരുന്നു.
സെപ്റ്റംബറില്‍ അഞ്ച് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ അമേരിക്ക തകര്‍ത്തതിന് പിന്നാലെ ജോര്‍ദാനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നു. നിലവിലെ ആക്രമണങ്ങള്‍ കൂടി ഉയര്‍ന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 111 ഡോളര്‍ കടക്കുകയും അമേരിക്കയില്‍ ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ ഉടന്‍ അയഞ്ഞില്ലെങ്കില്‍ ആഗോളതലത്തില്‍ നാണയപ്പെരുപ്പം വര്‍ദ്ധിക്കുമെന്നും ക്രൂഡ് ഓയില്‍ വിപണി കൂടുതല്‍ തകര്‍ച്ചയിലേക്ക് പോകുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ഇറാന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തങ്ങളുടെ ഒരു യുദ്ധക്കപ്പലിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
