കാരക്കാസ്: അമേരിക്കയും വെനസ്വേലയും തമ്മിലുള്ള സൈനിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെനസ്വേലയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ജനുവരിയില്‍ യുഎസ് സൈന്യം മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് ശേഷം, തെക്കേ അമേരിക്കന്‍ രാജ്യത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. കാരക്കാസിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ ഹെഗ്സെത്ത് ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ സഹകരണ കരാറുകളിലൂടെ വെനസ്വേലന്‍ സൈന്യത്തിന് അമേരിക്കയുടെ പരിശീലനവും ആധുനിക സാങ്കേതികവിദ്യകളും ലഭ്യമാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഡെല്‍സി റോഡ്രിഗസ് വ്യക്തമാക്കി. പൊതുവായ സുരക്ഷാ ഭീഷണികളെ നേരിടാന്‍ ഈ സഹകരണം സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും, പ്രതിരോധ പങ്കാളിത്തത്തിന്റെ പുനസ്ഥാപനമായാണ് ഈ കൂടിക്കാഴ്ചയെ കാണുന്നതെന്നും പീറ്റ് ഹെഗ്സെത്തും പ്രതികരിച്ചു. പെന്റഗണ്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നടത്തിയ ഈ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസ് ആഭ്യന്തര, ഊര്‍ജ്ജ സെക്രട്ടറിമാരും വെനസ്വേലയിലെത്തി എണ്ണ, ധാതു വിഭവങ്ങള്‍ സംബന്ധിച്ച കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു.
അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും യുഎസ് സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ 2025 സെപ്റ്റംബറിന് ശേഷം ഇതുവരെ 240-ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ, മഡുറോയുടെ പതനത്തിന് ശേഷം വെനസ്വേലയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. കോടതി അനുവദിച്ച കാലാവധി ജൂലൈയില്‍ അവസാനിച്ചിട്ടും ഡെല്‍സി റോഡ്രിഗസ് തന്നെയാണ് രാജ്യത്തിന്റെ ഭരണത്തലവനായി തുടരുന്നത്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതും, ജനാധിപത്യ പുനസ്ഥാപനത്തേക്കാള്‍ എണ്ണ വ്യവസായത്തിന് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നതും വെനസ്വേലന്‍ ജനതയ്ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
