ഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനും പങ്കുവെക്കുന്നതിനും ഉപയോഗിച്ചിരുന്ന 1,263 വെബ്സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. രാജ്യവ്യാപകമായി ഡിജിറ്റൽ പൈറസിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ സിനിമാ വ്യവസായത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഓൺലൈൻ പൈറസിക്കെതിരെ കൂടുതൽ ശക്തമായ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ ഇതിനകം സ്വീകരിച്ച നടപടികളും തുടർ പദ്ധതികളും വിശദീകരിച്ചിരിക്കുന്നത്.
സിനിമറ്റോഗ്രാഫ് (ഭേദഗതി) നിയമം 2023 പ്രകാരമുള്ള വ്യവസ്ഥകൾ ഉപയോഗിച്ചാണ് വ്യാജ സിനിമാ പതിപ്പുകൾ പ്രചരിപ്പിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. സിനിമകളുടെ അനധികൃത പ്രചാരണം ഇന്ത്യൻ ചലച്ചിത്ര മേഖലയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്നും അതിനെ നിയന്ത്രിക്കാൻ നിയമപരമായ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് കത്തിൽ ചൂണ്ടിക്കാട്ടി.
പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിശോധിച്ച് നടപടിയെടുക്കുന്നതിനായി മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക സംവിധാനം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ, പരാതികൾ ഏകോപിപ്പിച്ച് അതിവേഗം പരിഹരിക്കാൻ പ്രത്യേക ആന്റി-പൈറസി പോർട്ടൽ വികസിപ്പിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സിനിമകളുടെയും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളുടെയും അനധികൃത പ്രചാരണം തടയാൻ ഭാവിയിലും കൂടുതൽ കർശന നടപടികൾ തുടരുമെന്നും കേന്ദ്ര സർക്കാർ ഉറപ്പുനൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
