കൊച്ചി: ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറ്റം തുടരുന്ന മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി റിലീസ് ആരംഭിച്ചതിന് പിന്നാലെ പുതിയ വിവാദം. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.
ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതൽ ‘ദൃശ്യം 3’ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മലയാള പതിപ്പിനൊപ്പം മറ്റ് ഭാഷകളിലെ ഡബ്ബ് പതിപ്പുകളും റിലീസ് ചെയ്തെങ്കിലും തെലുങ്ക് പതിപ്പിനാണ് ഇപ്പോൾ നിയമതടസം നേരിട്ടിരിക്കുന്നത്.
‘ദൃശ്യം’ ആദ്യഭാഗത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്ത സംവിധായിക ശ്രീപ്രിയയാണ് ഫ്രാഞ്ചൈസിയുടെ തെലുങ്ക് ഭാഷാ അവകാശങ്ങളിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിൽ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ‘ദൃശ്യം 3’ന്റെ തെലുങ്ക് പതിപ്പ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. തെലുങ്ക് ഭാഷയിൽ ചിത്രം പുറത്തിറക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
അതേസമയം, ‘ദൃശ്യം 3’ സാമ്പത്തിക നേട്ടങ്ങളിലും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ബോക്സ് ഓഫീസ് കളക്ഷൻ, ഒടിടി അവകാശങ്ങൾ, സാറ്റലൈറ്റ് അവകാശങ്ങൾ, മറ്റ് വിതരണ കരാറുകൾ എന്നിവ ഉൾപ്പെടെ ചിത്രം ആഗോളതലത്തിൽ 330 കോടി രൂപയുടെ ബിസിനസ് നേടിയെന്നാണ് റിപ്പോർട്ടുകൾ.
തിയേറ്ററുകളിലെത്തി വെറും 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിലെത്തിയ ചിത്രം ഏഴ് ദിവസത്തിനകം 200 കോടി രൂപയുടെ നേട്ടവും സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് 30 ദിവസം പിന്നിടുമ്പോഴേക്കും ആഗോള ബിസിനസ് 330 കോടി രൂപ കടന്നതായാണ് വിലയിരുത്തൽ.
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ‘ദൃശ്യം’. മൂന്നാം ഭാഗത്തിന്റെ ആഗോള തിയേറ്റർ അവകാശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന അവകാശങ്ങളും ചിത്രം റിലീസിന് മുമ്പ് തന്നെ വിറ്റഴിഞ്ഞിരുന്നു.
പെൻ സ്റ്റുഡിയോസുമായി ചേർന്ന് പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിവിധ അവകാശങ്ങൾ സ്വന്തമാക്കിയത്. ‘ദൃശ്യം’ പരമ്പരയുടെ ഹിന്ദി പതിപ്പുകളും നിർമ്മിച്ചിരിക്കുന്നത് പനോരമ സ്റ്റുഡിയോസാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
