തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനൊപ്പം കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തും മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്.
നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം. സണ്ണി ജോസഫ് മാറുന്ന ഒഴിവിലേക്ക് ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡ് സജീവമായി പരിഗണിക്കുന്നത്.
മന്ത്രിമാരുടെ പട്ടിക പുറത്തുവിടുന്നതിനൊപ്പം തന്നെ പുതിയ കെ.പി.സി.സി. അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് സാധ്യത. മന്ത്രിമാരാകുന്ന കെ.പി.സി.സി. ഭാരവാഹികളെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റും.
കെ. സുധാകരൻ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരക്കാരനായി ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള സണ്ണി ജോസഫിനെയാണ് നേതൃത്വം നിയോഗിച്ചിരുന്നത്. അദ്ദേഹം ഭരണരംഗത്തേക്ക് മാറുന്നതോടെ സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും പുതിയ നിയമനം.
അതേസമയം, മുഖ്യമന്ത്രി പദം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർണാടകയിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തി അന്തിമ തീരുമാനം പ്രഖ്യാപിക്കും.
നേതാക്കൾക്കിടയിലുള്ള തർക്കം പൂർണ്ണമായും പരിഹരിച്ച ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാൻഡ് നിലപാട്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുള്ള മൂന്ന് മുതിർന്ന നേതാക്കളും നിലവിൽ മത്സരരംഗത്ത് ഉറച്ചുനിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
