തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) നിയമന അനിശ്ചിതത്വം രൂക്ഷമാകുന്നു. രണ്ടാം കെഎഎസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് മൂന്നര മാസം പിന്നിട്ടിട്ടും ഒരാൾക്കുപോലും നിയമന ശുപാർശ നൽകാൻ പിഎസ്‌സിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളാണ് ഇതോടെ ആശങ്കയിൽ കഴിയുന്നത്.
സംസ്ഥാന ഭരണ സംവിധാനത്തിൽ വലിയ മാറ്റം ലക്ഷ്യമിട്ട് പിണറായി സർക്കാർ ആരംഭിച്ച കെഎഎസിന്റെ രണ്ടാം ബാച്ച് നിയമനങ്ങളാണ് ഇപ്പോൾ ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുന്നത്. 31 ഒഴിവുകൾ ലക്ഷ്യമിട്ടായിരുന്നു രണ്ടാം കെഎഎസ് വിജ്ഞാപനവും തുടർന്ന് പരീക്ഷയും അഭിമുഖവും നടത്തിയത്. കഴിഞ്ഞ ജനുവരി 30നാണ് മൂന്ന് സ്ട്രീമുകളിലായി 261 പേരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഇതുവരെ ഒരു നിയമനവും നടന്നിട്ടില്ല.
31 ഒഴിവുകളിൽ 28 എണ്ണം പൊതുഭരണ വകുപ്പ് ഇതുവരെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കെഎഎസ് കേഡർ സ്ട്രെങ്ത്തിന്റെ 30 ശതമാനം ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിക്കുന്നതിനായി 2023 ജൂണിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 28 ഒഴിവുകൾ കണ്ടെത്തുകയും മൂന്ന് ഒഴിവുകൾ മാത്രം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
2021ൽ നിയമിതരായ കെഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ സർവീസ് വിട്ടതും രണ്ടുപേർ ഡെപ്യൂട്ടേഷനിലേക്ക് പോയതുമാണ് റിപ്പോർട്ട് ചെയ്ത മൂന്ന് ഒഴിവുകളുടെ അടിസ്ഥാനമായി കാണുന്നത്. ബാക്കി 28 ഒഴിവുകളും ഉടൻ റിപ്പോർട്ട് ചെയ്യുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി 2025 ഫെബ്രുവരി 12ന് പിഎസ്‌സിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാർച്ച് 7ന് പിഎസ്‌സി പരീക്ഷാ നടപടികളിലേക്ക് കടന്നത്.
എന്നാൽ പരീക്ഷയും റാങ്ക് ലിസ്റ്റും പൂർത്തിയായിട്ടും ഒഴിവുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. ഇതോടെ കെഎഎസ് നിയമന നടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
