കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ പൊലീസ് പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നേറുമ്പോഴും, അതിന്റെ ആഘാതത്തില്‍ കേരളത്തിലെ ജയിലുകള്‍ ശ്വാസം മുട്ടുന്നു. ലഹരി വിരുദ്ധ റെയ്ഡുകളിലൂടെ പ്രതികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ജയില്‍ വകുപ്പ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്.
സംസ്ഥാനത്തെ 58 ജയിലുകളിലായി ആകെ പാര്‍പ്പിക്കാന്‍ കഴിയുന്നത് 7877 പേരെ മാത്രമാണെന്നിരിക്കെ, നിലവില്‍ ഒന്‍പതിനായിരത്തി തൊള്ളായിരത്തിലധികം തടവുകാരാണ് വിവിധ സെല്ലുകളിലായി കഴിയുന്നത്. മയക്കുമരുന്ന് കേസുകളിലും പോക്‌സോ കേസുകളിലും കുടുങ്ങുന്നവര്‍ക്ക് കോടതികള്‍ കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതാണ് ജയിലുകള്‍ നിറയാന്‍ ഇടയാക്കിയത്. മാസങ്ങളോളം ജാമ്യം ലഭിക്കാതെ പ്രതികള്‍ അകത്തുതന്നെ തുടരേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനാല്‍ തന്നെ ശിക്ഷിക്കപ്പെട്ട കുറ്റവാളികളേക്കാള്‍ കൂടുതല്‍ വിചാരണ നേരിടുന്ന റിമാന്‍ഡ് തടവുകാരാണ് ഇപ്പോള്‍ ജയിലുകളിലുള്ളത്. കേസ് നടപടികള്‍ നീണ്ടുപോകുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
തടവുകാരുടെ എണ്ണം പരിധിവിട്ടതോടെ ജയിലുകളിലെ ഭക്ഷണച്ചെലവും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള തുകയും വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് പുറമെ ജയില്‍ വകുപ്പിലെ ജീവനക്കാരുടെ കുറവ് സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. നിലവില്‍ 300 മുതല്‍ 500 വരെ ജീവനക്കാരുടെ ഒഴിവുകളാണ് വിവിധ ജയിലുകളിലായി നികത്താനുള്ളത്. തടവുകാര്‍ക്ക് അസുഖം വരുമ്പോള്‍ അവരെ പുറത്തെ ആശുപത്രികളില്‍ എത്തിക്കാന്‍ പോലും മതിയായ പൊലീസ് സുരക്ഷ ലഭ്യമാകാത്ത അവസ്ഥയുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ പ്രധാന തടവറകളിലെല്ലാം ശേഷിയുടെ ഇരട്ടിയിലധികം ആളുകളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട് ജില്ലാ ജയിലുകളിലും വിയ്യൂര്‍ അതിസുരക്ഷാ ജയിലിലും മാത്രമാണ് നിലവില്‍ ശേഷിയേക്കാള്‍ കുറവ് തടവുകാരുള്ളത്.
വരും ദിവസങ്ങളിലും ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുമെന്നിരിക്കെ, ജയിലുകളിലെ ഈ സ്ഥലപരിമിതിക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് അധികൃതര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
