ആലപ്പുഴ : കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിശ്ചിത വലുപ്പമില്ലാത്ത ചെറുമീനുകളെ പിടികൂടുന്ന മത്സ്യബന്ധന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കി ഫിഷറീസ് വകുപ്പ്. ഓരോ ഇനം മത്സ്യത്തിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വലുപ്പമെത്തുന്നതിന് മുൻപ് അവയെ പിടികൂടുന്ന ബോട്ടുകൾക്കെതിരെ കനത്ത പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിയമം ലംഘിച്ച് ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾക്ക് പരമാവധി തുകയായ രണ്ടര ലക്ഷം രൂപ വീതം ഫിഷറീസ് വകുപ്പ് പിഴ ഈടാക്കിയിരുന്നു.
കടലിലെ ആവാസവ്യവസ്ഥയുടെയും മത്സ്യ സമ്പത്തിന്റെയും നാശം തടയുന്നതിനായി 58 ഇനം മീനുകളെ പിടികൂടുന്നതിനാണ് നിലവിൽ ഫിഷറീസ് വകുപ്പ് കുറഞ്ഞ വലുപ്പപരിധി നിശ്ചയിച്ചിട്ടുള്ളത്. മത്തി, പരവ എന്നിവയ്ക്ക് 10 സെന്റിമീറ്റർ, കിളിമീനിന് 12 സെന്റിമീറ്റർ, അയലയ്ക്ക് 14 സെന്റിമീറ്റർ എന്നിങ്ങനെയാണ് പ്രധാനം. കൂടാതെ കേര, ചൂര എന്നിവയ്ക്ക് 31 സെന്റിമീറ്ററും, പാമ്പാടയ്ക്ക് 46 സെന്റിമീറ്ററും, നെയ്മീനിന് 50 സെന്റിമീറ്ററും, പാൽസ്രാവിന് 53 സെന്റിമീറ്ററും, മോതയ്ക്ക് 61 സെന്റിമീറ്ററുമാണ് കുറഞ്ഞ അളവായി നിശ്ചയിച്ചിരിക്കുന്നത്.
ബോട്ടുകളുടെ കുതിരശക്തിയുടെ അടിസ്ഥാനത്തിൽ 5,000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് ആദ്യഘട്ടത്തിൽ പിഴയായി ഈടാക്കുന്നത്. എന്നാൽ ഒരിക്കൽ പിടിയിലായ ബോട്ട് വീണ്ടും ഇതേ കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും. അതോടൊപ്പം ബോട്ടുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
മത്സ്യസമ്പത്ത് വംശനാശ ഭീഷണി നേരിടുന്നത് തടയാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കൃത്യമായി പാലിക്കാൻ എല്ലാ മത്സ്യബന്ധന ബോട്ടുകളും ബാധ്യസ്ഥരാണെന്ന് ഫിഷറീസ് സോണൽ ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു അറിയിച്ചു. കടലിൽ പട്രോളിംഗും പരിശോധനകളും വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
