തൂങ്ങി മരിച്ച ജോസഫിന്റെ മരുന്നു കുറിപ്പടിയിൽ പോലും ആ ഹതഭാഗ്യന്റെ മരണമൊഴി !

JANUARY 24, 2024, 8:53 PM

ഇന്ന് (ബുധൻ) സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ പണിമുടക്കിലാണ്. പ്രതിപക്ഷ യൂണിയനുകളാണ് പണിമുടക്കുന്നതെങ്കിലും ഭരണകക്ഷി യൂണിയനുകൾ മനസ്സുകൊണ്ട് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിനൊപ്പമാണ്. സമരത്തിനു കാരണം മറ്റൊന്നല്ല. ഡി.എ. കുടിശ്ശികകൾ കിട്ടണം. പിന്നെ ശമ്പള പരിഷ്‌ക്കരണം നടത്തണം. കഴിഞ്ഞ ആറര വർഷമായി ശമ്പളം പരിഷ്‌ക്കരിച്ചിട്ട്. ഡി.എ. കുടിശ്ശിക ശമ്പളക്കാർക്കും പെൻഷകാർക്കും നൽകണമെങ്കിൽ തന്നെ 49,000 കോടി രൂപ വേണം. സർക്കാരാണെങ്കിൽ നിത്യനിദാനച്ചെലവുകൾക്കുപോലും ഇരുട്ടിൽ തപ്പുകയാണ്.

ഇന്ധന വിലയിൽ 2 രൂപ സെസ് ചുമത്തിയത് ക്ഷേമപെൻഷൻ കൃത്യമായി നൽകാനാണെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ക്ഷേമപെൻഷൻ നൽകാൻ തന്നെ 900 കോടി രൂപ വേണം. എന്നാൽ സെസായി പിരിച്ച 750 കോടി രൂപയിൽ കുറച്ചെങ്കിലും നീക്കിവച്ചിരുന്നുവെങ്കിൽ ക്ഷേമപെൻഷൻ കുറെ പേർക്കെങ്കിലും കൊടുക്കാമായിരുന്നു. അതും നടന്നില്ല. ബജറ്റിൽ ക്ഷേമപെൻഷൻ വർധിപ്പിക്കണമെന്നാണ് പാർട്ടി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളത്. ഈ അവസ്ഥയിൽ ക്ഷേമപെൻഷൻ എങ്ങനെ വർധിപ്പിക്കുമെന്ന് ധനവകുപ്പ് ചോദിക്കുന്നു. ജനുവരി 31 കഴിയുമ്പോൾ ക്ഷേമപെൻഷൻ കുടിശ്ശിക ആറ് മാസത്തേതാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത്ര വേഗം നടത്താൻ ബി.ജെ.പി. തിടുക്കം കൂട്ടുന്നതുകൊണ്ട് ഏപ്രിൽ മാസത്തിലെങ്കിലും ഇലക്ഷൻ നടക്കാം.

മോദിജിക്ക് സംസ്ഥാനങ്ങൾ സന്ദർശിച്ച് പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഇടവേള കണക്കാക്കിയായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുക. ഏതായാലും ഭരണമുന്നണി വല്ലാത്തൊരു ഗതികേടിലാണ്. വികസിത ഭാരതമെന്നാണ് ബി.ജെ.പിയുടെ മുദ്രാവാക്യം പണമെടുത്ത് പൂപോലെ എറിഞ്ഞു കളിച്ചാണ് കേരളത്തിൽ മോദി ഷോ നടന്നത്. എന്നാൽ, നവകേരള സദസ്സിലൂടെ, ജനങ്ങളുടെ പരാതി പരിഹരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പിണറായി മന്ത്രിസഭയ്ക്ക് അതിനു കഴിഞ്ഞതുമില്ല. ലോകസഭാ ഇലക്ഷനുള്ള പാർട്ടി ഫണ്ട് പിരിവ് ഊർജ്ജിതമായി നടന്നുവെന്നതിന് ചില തെളിവുകളെല്ലാം വരുന്നുണ്ട്.

vachakam
vachakam
vachakam

ഏതോ ഒരു വിദേശ റിക്രൂട്ടിങ്ങ് സ്ഥാപനത്തിന്റെ 'പെൺ ഉടമസ്ഥ'യെ ഏതോ ഒരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിയമിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയതേയില്ല. ഏഷ്യാനെറ്റിൽ സ്‌ക്രോൾ ചെയ്തു പോയ ചൂടുള്ള വാർത്ത ഒന്നര മണിക്കൂറിനുശേഷം കാണാതാവുകയും ചെയ്തു. നമ്പർ വൺ പത്രവും ഇങ്ങനെ ചില ഉഡായിപ്പ് വേലകൾ പഠിച്ചു കഴിഞ്ഞു. റിക്രൂട്ടിംഗ് ഏജൻസികളുടെ ലാഭത്തിൽ നല്ല ശതമാനം പരസ്യമായി നൽകിയാലേ ഇത്തരം 'നവ' സംരംഭങ്ങളിൽ പത്രം പങ്കുചേരൂ. നേരിട്ടുള്ള പരസ്യ വരുമാനത്തിന്റെ ഏഴ്മടങ്ങാണ് ഇപ്പോൾ 'പത്രസ്ഥലം' പച്ചയ്ക്ക് വിറ്റുള്ള വരുമാനമെന്നു പറയുന്നുണ്ട്. അത് സത്യമാണോ എന്ന് അറിയാത്തതുകൊണ്ട് ഇതൊരു ആരോപണമെന്നേ പറയാനാവൂ.

ഒരു വാലിബൻ തിയറ്ററിൽ, മറ്റൊരാൾ നിയമസഭയിൽ

നാളെ (വ്യാഴം) മോഹൻലാലിന്റെ 'മലൈക്കോട്ട വാലിബൻ' തിയേറ്റർ തൊടും. ലാൽ ഇന്നലെത്തന്നെ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിദേശത്തേയ്ക്ക് പൊയ്ക്കഴിഞ്ഞു. മറ്റൊരു 'വാലിബൻ' നാളെ (വ്യാഴം) നിയമസഭയിൽ എത്തുന്നുണ്ട്. ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ വായിക്കാതെ വിടുന്നതാകും നാളത്തെ മാധ്യമ തലക്കെട്ടുകളെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗവർണറെ തടയുന്നത് വെറുതെ വെയിൽ കൊള്ളാനേ ഉതകൂ എന്നു മനസ്സിലാക്കിയതോടെ എസ്.എഫ്.ഐ. സമരമൊന്നു തണുപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

എറണാകുളം മഹാരാജാസിൽ എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കിയ കെ.എസ്.യുനെ, അവരുടെ പഴയ കുത്തും വെട്ടും നടത്തുന്ന പഴയ ഫ്രട്ടേണിറ്റി കൂട്ട്‌കെട്ടിന്റെ പേരിൽ  എസ്.എഫ്.ഐ. പള്ള് പറയുകയാണിപ്പോൾ. കടുത്ത നിയന്ത്രണങ്ങളോടെ മഹാരാജാസ് തുറന്നുവെങ്കിലും പാർട്ടി അവിടെ കെ.എസ്.യുനെ ഒതുക്കാൻ ഏത് തന്ത്രവും പയറ്റുമെന്ന കാര്യം തീർച്ചയാണ്. കട്ടയ്ക്ക് വിട്ടുകൊടുക്കാതെ ഗവർണർ ആർഷോയെയും പിള്ളേരെയും നിലയ്ക്ക് നിർത്തിയതായി പൊതുസമൂഹം വിശ്വസിക്കുന്നുണ്ട്. നയപ്രഖ്യാപന പ്രസംഗം കടന്നുകിട്ടിയാൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി സി.പി.എം. വീണ്ടും കളത്തിലിറങ്ങിയേക്കാം.

കരിമണൽ കൊണ്ടുള്ള കരിമരുന്ന് പ്രയോഗം

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി, മാത്യു കുഴൽനാടന്റെ അളക്കാത്ത  ഭൂമി, പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ കോടതി വ്യവഹാരം എന്നീ വിഷയങ്ങൾ കേരളാ രാഷ്ട്രീയത്തിലെ കെടാത്ത കനലുകളായി അവശേഷിക്കുന്നുണ്ട്. കരിമണൽ നീക്കം ചെയ്യുന്നത് പ്രളയത്തെ ചെറുക്കാനാണെന്നാണ് കേരളാ സർക്കാരിന്റെ നിലപാട്. കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം നിലപാടെടുത്തു കഴിഞ്ഞു.

vachakam
vachakam
vachakam

അതോടെ കരിമണലിലെ 'അഴിമതിക്കരി'യത്രയും സംസ്ഥാന സർക്കാരിന്റെ മേൽ കെട്ടിവയ്ക്കുകയാണ് കേന്ദ്രം ചെയ്തിട്ടുള്ളത്. മുഖ്യന്റെ മകൾക്ക് ഈടില്ലാതെ ബാങ്ക് വായ്പ ലഭിച്ചതും അന്വേഷിക്കണമെന്ന് ഷോൺ കോടതിയോട് അപേക്ഷിച്ചിട്ടിണ്ട്. ഇതോടെ കരിമണൽ കൊണ്ടുള്ള കരിമരുന്ന് പ്രയോഗം ലോകസഭാ ഇലക്ഷൻ വരെ നീളുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

പയ്യാനിക്കോട്ടയിലെ പരാതിക്കാരൻ

കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ ഒരു എഴുപത്തിയേഴുകാരൻ ആത്മഹത്യ ചെയ്തത് കോഴിക്കാട് ജില്ലയിലാണ്. അദ്ദേഹത്തിന്റെ കീശയിൽ നിന്ന് കണ്ടെടുത്ത മരുന്നു കുറിപ്പടിയുടെ മറുവശത്തും താൻ മരിക്കുന്നത് ക്ഷേമപെൻഷൻ കിട്ടാത്തതുകാരണമാണെന്നു എഴുതിവച്ചിരുന്നു. പെരുവണ്ണാമൂഴിയ്ക്കടുത്തുള്ള മുതുകാടിലാണ് ഈ സംഭവമുണ്ടായത്. വളയത്ത് ജോസഫിന് സർക്കാർ തനിക്ക് നൽകേണ്ട അവകാശമാണ് ക്ഷേമപെൻഷൻ എന്ന ചിന്തയാണുണ്ടായിരുന്നത്. മുടങ്ങിക്കിടക്കുന്ന തന്റെയും മകൾ ജിൻസി (47) യുടെയും ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ കഴിയുന്നത്ര വേഗം അനുവദിക്കണമെന്ന് 2023 നവംബർ 7ന് മുഖ്യമന്ത്രി, കളക്ടർ, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരോട് അപേക്ഷിച്ചിരുന്നു.

മുതുകാട് ടൗണിൽ നിന്ന് 80 രൂപ നൽകി ഓട്ടോറിക്ഷ പിടിച്ചാൽ ചെന്നു പറ്റാവുന്ന പ്രദേശമായ പയ്യാനിക്കോട്ടയിലായിരുന്നു ജോസഫ് താമസിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപന മനുഷ്യരെ സ്പർശിക്കാതെ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഉദാഹരണം കൂടിയാണ് പയ്യാനിക്കോട്ടയിൽ സി.പി.എം. നേതൃത്വത്തിലുള്ള പഞ്ചായത്ത് സാരഥികൾ നടപ്പാക്കിയത്. ജോസഫിന്റെ വീട്ടിലേക്കു കുത്തനെ കയറ്റമാണ്. ഈ കയറ്റത്തിൽ 5 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് റോഡ് നിർമ്മിച്ചുവെന്ന് പ്രസിഡന്റ് സുനിൽ ചാനലിൽ പറയുകയുണ്ടായി. ജോസഫ് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ പരിധിയിലാണ്. മൊത്തം 13 പഞ്ചായത്ത് മെമ്പർമാരിൽ രണ്ടുപേർ മാത്രമാണ് കോൺഗ്രസുകാർ. ജോസഫ് മരിച്ച പയ്യാനിക്കോട്ട പ്രദേശത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിനേഷ് മുതുകാട് കോൺഗ്രസുകാരനാണ്.

ജോസഫും കോൺഗ്രസ് അനുഭാവിയാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടു കാലിനും സ്വാധീനക്കുറവുള്ള ജോസഫ് ഒരു ഡെസ്‌ക്ക് വലിച്ചിട്ട് അതിൽ കയറി നിന്ന് കഴുക്കോലിൽ കയർ കെട്ടി തൂങ്ങി മരിച്ചതായാണ് പത്ര റിപ്പോർട്ടുകളിലുള്ളത്. പഞ്ചായത്ത് ഒരു ഭിന്നശേഷിക്കാരനെ ചേർത്തുപിടിക്കാൻ കഴിയുന്നതെല്ലാം ചെയ്തുവെന്ന് പ്രസിഡന്റ് സുനിൽ പറയുന്നുണ്ട്. ജനങ്ങൾക്ക് ഭീഷണിയായി മാറിയ പേപ്പട്ടിയെ കൊന്നത് ധീരതയോടെ ഏറ്റെടുത്ത വാർത്തകളിലെ താരമായി മാറിയ മാർക്‌സിസ്റ്റുകാരനാണ് സുനിൽ. അപ്പോൾ, ജോസഫിന്റെ പാർട്ടി ചായ്‌വാണോ അദ്ദേഹത്തെ വേണ്ടവിധം ചേർത്തുപിടിക്കാൻ പഞ്ചായത്ത് ഭരണ സമിതിക്ക് തടസ്സമായത്? എന്തോ, നമുക്കറിയില്ല.

കടമെടുപ്പ് പരിധി ഉയർത്തിയാൽ പ്രശ്‌നങ്ങൾ തീരുന്നതെങ്ങനെ?

2008 ലാണ് സർക്കാർ ജോലിക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌ക്കരിച്ചത്. 16 വർഷത്തിനുള്ളിൽ 11 തവണ ശമ്പളം പുതുക്കുകയോ വർധിപ്പിക്കുകയോ ചെയ്ത ചരിത്രമാണ് കേരളത്തിനു പറയാനുള്ളത്. ശമ്പള പരിഷ്‌ക്കരണത്തിന്റെ പരിധി 10 വർഷമാക്കണമെന്ന ബി.എം. പ്രകാശ് കമ്മിറ്റി റിപ്പോർട്ട് കത്തിച്ചവരിൽ പലരും ഇന്ന് പെൻഷൻ വാങ്ങി വീട്ടിലിരിക്കുന്നുണ്ടാകും. പ്രളയത്തിനും കോവിഡിനും ശേഷമുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ കണക്കിലെടുക്കാതെ സർക്കാർ ജീവനക്കാരെ സുഖിപ്പിക്കാൻ ഇടതുസർക്കാർ നടത്തിയ ''വളയമില്ലാ ചാട്ട''മാണ് സാമ്പത്തിക സ്ഥിതി ഇത്രയേറെ വഷളാക്കിയത്. ശമ്പളവും പെൻഷനും വാങ്ങുന്നവരുടെ കുടിശ്ശിക തീർക്കാനുള്ള 49,000 കോടി രൂപ സർക്കാർ എവിടെ നിന്നു കണ്ടെത്തും?

ഓരോ മലയാളിയുടെയും ആളോഹരി കടബാധ്യത ഈ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ഇരട്ടിയിലേറെയായിട്ടുണ്ട്. കേന്ദ്രത്തോട് 'കടമെടുപ്പ് പരിധി' ഉയർത്താനാണ് സംസ്ഥാനം ആവശ്യപ്പെടുന്നത് അതിനാണ് ഡെൽഹി സമരം. ഇത് കാര്യക്ഷമതയുള്ള ഒരു ഭരണ രീതിയായി കരുതാനാവുമോ? കർഷകരും ക്ഷേമ പെൻഷൻകാരും ജീവിതവരുമാനം നഷ്ടപ്പെട്ടവരും വിദേശത്തുപോയി പച്ചപിടിക്കാതെ മടങ്ങിയെത്തുന്നവരും വ്യവസായം നടത്താൻ ശ്രമിച്ച്  പരാജയപ്പെട്ടവരും തുടങ്ങി പലരും ആത്മഹത്യ ചെയ്യാനുള്ളവരുടെ ക്യൂവിൽ കയറിപ്പറ്റി കഴിഞ്ഞിട്ടുണ്ട്. ഈ വരുംകാല ദുരന്തങ്ങളെ  ചെറുക്കാൻ കേന്ദ്രത്തിനെതിരെ സമരം നയിച്ചാൽ മാത്രം മതിയോ?

ഭരിക്കുന്നവർ, അതായത് മുഖ്യമന്ത്രിയോ അദ്ദേഹത്തിനു ചുറ്റുമുള്ള ഉപദേശകരോ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് അതല്ലേ, അതിന്റെ ശരി? പണിമുടക്കുന്നവരുടെ ശമ്പളം തടയുന്ന ഡയസ്‌നോൺ തമാശ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസത്തെ പണിമുടക്ക് മൂലം സർക്കാരിന് കിട്ടുന്ന ലാഭം 90.4 കോടി രൂപയാണ്. അങ്ങനെയെങ്കിൽ ഈ ഭരണപരിപാടിയെല്ലാം അക്ഷയ സെന്ററുകളെ ഏൽപ്പിച്ചാൽ  കേരള സർക്കാർ ലാഭത്തിലോടുന്ന സ്ഥാപനമാകും...  ഇ ബസ് പോലെ !

ആന്റണി ചടയമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam