ഇടുക്കി: വി ഡി സതീശൻ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കുന്നു. രണ്ടാം മന്ത്രിസ്ഥാനം നൽകാനാകില്ലെങ്കിൽ കുറഞ്ഞത് ഒരു സുപ്രധാന വകുപ്പ് എങ്കിലും വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
പൊതുമരാമത്ത് വകുപ്പ് ലഭിക്കാത്ത പക്ഷം ജലവിഭവ വകുപ്പ് നൽകണമെന്ന ആവശ്യമാണ് ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ ഇക്കാര്യം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഏഴ് സീറ്റുകളിൽ വിജയം നേടിയിരുന്നു. ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ പാർട്ടിക്ക് പൂർണ അർഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം.
ഒരു എംഎൽഎ മാത്രം ഉള്ള ഘടകകക്ഷികൾക്കുപോലും മന്ത്രിസ്ഥാനം ലഭിക്കുന്ന സാഹചര്യത്തിൽ ഏഴ് എംഎൽഎമാരുള്ള പാർട്ടിയെ അതിനനുസരിച്ച് പരിഗണിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.
ഉഭയകക്ഷി ചർച്ചകളുടെ തുടക്കത്തിൽ റവന്യൂ വകുപ്പാണ് പാർട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ വകുപ്പ് നൽകാനാകില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. തുടർന്ന് നടന്ന ചർച്ചകളിൽ പൊതുമരാമത്ത് വകുപ്പ് വേണമെന്ന ആവശ്യമാണ് പാർട്ടി മുന്നോട്ട് വെച്ചത്.
എന്നാൽ പൊതുമരാമത്ത് വകുപ്പ് മുസ്ലിം ലീഗിന്റെ പരിഗണനയിലാണെന്നും അത് മാറ്റിനൽകാൻ ബുദ്ധിമുട്ടുണ്ടെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതായാണ് വിവരം. ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലം മുതൽ ഈ വകുപ്പ് ലീഗ് കൈകാര്യം ചെയ്തുവരുന്നതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പൊതുമരാമത്ത് ലഭിക്കാത്ത സാഹചര്യത്തിൽ ജലവിഭവ വകുപ്പ് നൽകണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ചുനിൽക്കുകയാണ്. വികസന പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സുപ്രധാന വകുപ്പ് വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
ആദ്യഘട്ട ചർച്ചകളിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശം. എന്നാൽ പിന്നീട് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ശക്തമായ ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്തെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
