പള്ളി സെമിത്തേരിയിലെ കല്ലറയില്‍ കണ്ടെത്തിയ മൃതദേഹം സിജോയുടേതോ? 12 വര്‍ഷം മുന്‍പുള്ള തിരോധാനത്തില്‍ ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

JUNE 21, 2026, 7:59 PM

നാദാപുരം/ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍, 12 വര്‍ഷം മുന്‍പ് കാണാതായ വിലങ്ങാട് സ്വദേശി സിജോയുടേതാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍. വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗര്‍ സ്വദേശി ആലപ്പാട്ട് സ്‌കറിയയുടെ മകന്‍ സിജോയെ 2014 ലാണ് കാണതാകുന്നത്. സംഭവത്തില്‍ ശാസ്ത്രീയമായ വ്യക്തത വരുത്തുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങളിലാണ് പൊലീസ്.

സിജോയുടെ വിവാഹം വാണിയമ്പാറയില്‍ നിന്നായിരുന്നു. കാണാതായ സമയത്ത് സിജോ ഭാര്യവീട്ടിലാണെന്ന് വിലങ്ങാട്ടെ സ്വന്തം കുടുംബവും, സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും പരസ്പരം കരുതി. ഈ ധാരണാപിശക് മൂലമാണ് തിരോധാനം നടന്ന് 7 വര്‍ഷങ്ങള്‍ക്ക് ശേഷം, 2021 ല്‍ മാത്രം ബന്ധുക്കള്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയത്. 'കടയില്‍ പോയി വരാം' എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് 2021 ല്‍ ഭാര്യ നിഖില പൊലീസിന് നല്‍കിയ മൊഴി.

ഈ മാസം 13-ാം തീയതി സെമിത്തേരിയിലെ 38-ാം നമ്പര്‍ കല്ലറ മറ്റൊരു സംസ്‌കാരത്തിനായി തുറന്നപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തിയത്. പള്ളി അധികൃതര്‍ ഉടനടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരിക്കോട്ടക്കരി പൊലീസ് സ്ഥലത്തെത്തി കല്ലറ അടയ്ക്കുകയും സെമിത്തേരി താല്‍ക്കാലികമായി പൂട്ടുകയും ചെയ്തു. സിജോയുടെ തിരോധാനത്തെക്കുറിച്ച് മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ മാതാവ് ത്രേസ്യാമ്മയും കുടുംബവും ആഭ്യന്തര മന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സെമിത്തേരി നവീകരണത്തിനിടെ കല്ലറയുടെ നമ്പറുകള്‍ മാറിയതാകാം ഈ ആശയക്കുഴപ്പത്തിന് കാരണമെന്നും, മുന്‍പ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പായയില്‍ പൊതിഞ്ഞ് അടക്കം ചെയ്ത മറ്റൊരു മൃതദേഹമാണിതെന്നുമുള്ള പ്രാഥമിക നിഗമനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam