കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ വിവാഹ, എം.ഐ.സി.ഇ. (മീറ്റിംഗ്‌സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസസ് ആൻഡ് എക്‌സിബിഷൻസ്) കോൺക്ലേവിന് തുടക്കമായി. കേരള ടൂറിസം വകുപ്പും കേരള ട്രാവൽ മാർട്ട് (കെ.ടി.എം.) സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ പരിപാടി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
വിവാഹ, കോർപ്പറേറ്റ് പരിപാടികൾക്ക് അനയോജ്യമായ ഓഫ്ബീറ്റ് വേദികൾ ഒരുക്കുന്നതിലൂടെ കേരളം ഈ രംഗത്തെ ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറുമെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രകൃതിഭംഗി, സാംസ്‌കാരിക വൈവിധ്യം, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമതയുള്ള പ്രൊഫഷണലുകൾ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനമാണ് കേരളം വാഗ്ദാനം ചെയ്യുന്നത്. ഇവിടെ വെച്ച് നടത്തുന്ന പരിപാടികൾക്ക് ജീവൻ വെക്കുന്നു. ഈ സാധ്യതകൾ സുസ്ഥിരമായ വളർച്ചയാക്കി മാറ്റുന്നതിന് കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്.
ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കേരളത്തെ ലോകോത്തര വിവാഹ, എം.ഐ.സി.ഇ. ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ടൂറിസം സെക്രട്ടറി ബിജു കെ. വിശദീകരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കോർപ്പറേറ്റ് സമ്മേളനങ്ങളെ ഒരു സാംസ്‌കാരിക യാത്രയായും വിവാഹങ്ങളെ പാരമ്പര്യത്തിന്റെയും സൗന്ദര്യത്തിന്റെയും രുചിയുടെയും സമഗ്രമായ അനുഭവങ്ങളാക്കി മാറ്റാൻ സംസ്ഥാനത്തിന് കഴിവുണ്ട്.
വ്യക്തിപരമായ ആഘോഷങ്ങൾ, മീറ്റിംഗുകൾ, ഇൻസെന്റീവ് യാത്രകൾ, കോൺഫറൻസുകൾ, എക്‌സിബിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അടുത്ത രണ്ട് ദിവസങ്ങളിലെ വ്യാപാര മീറ്റിംഗുകളും പ്രദർശനങ്ങളും കുണ്ടന്നൂരിലെ ലെ മെറിഡിയനിലാണ് നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്