കൊല്ലം: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ അംഗം വി ഗീത നിർദേശം നൽകിയിരിക്കുന്നത്. വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകൻ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
പിറവന്തൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലെ ബോയ്സ് ഹോമിലാണ് സംഭവം നടന്നത്. അടൂർ സ്വദേശികളായ സഹോദരങ്ങൾ ഇവിടെ താമസിച്ചുവരികയായിരുന്നു. അമ്മ ഗുരുതര അസുഖത്തെ തുടർന്ന് കിടപ്പിലായ സാഹചര്യത്തിലാണ് നാല് മക്കളിൽ രണ്ട് പേരെ സ്ഥാപനത്തിൽ പാർപ്പിച്ചതെന്നാണ് വിവരം.
സ്ഥാപനത്തിൽ നിന്ന് അഞ്ഞൂറ് രൂപ നഷ്ടപ്പെട്ട സംഭവത്തെ തുടർന്നാണ് കുട്ടിയെ മോഷണാരോപണത്തിന് വിധേയനാക്കിയത്. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും, കയറുപയോഗിച്ച് കാലിൽ കെട്ടി തലകീഴായി ഉയർത്തി മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
മർദ്ദനത്തിനിടെ “കൊന്നുകളയും” എന്ന രീതിയിൽ ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തി. ആക്രമണം നടത്തിയ പാചകക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ബോയ്സ് ഹോമിലെ പാചകക്കാരൻ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികൾ നേരിട്ട പീഡനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവം പുറത്തുവന്നതിന് പിന്നാലെ സാമൂഹിക രംഗത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങളിലുണ്ടാകുന്ന ഇത്തരം ക്രൂരതകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
