കോട്ടയം: സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേയില്‍ ഭൂമി അളവില്‍ മിക്കയിടത്തും വ്യത്യാസം. ഡിജിറ്റല്‍ സര്‍വേയില്‍ കണ്ടെത്തിയ ഭൂവിസ്തൃതിയും വില്ലേജ് രേഖകളിലേതും തമ്മില്‍ 40 ശതമാനം ഇടങ്ങളിലും പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തല്‍. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലും വനാതിര്‍ത്തിയിലുമൊക്കെ ഈ വ്യതിയാനമുണ്ട്. വിസ്തീര്‍ണത്തിലെ വ്യത്യാസം ക്രമപ്പെടുത്തണമെങ്കില്‍ പുതിയ സെറ്റില്‍മെന്റ് നിയമം വേണം.
നിയമ നിര്‍മാണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും നടപടി സങ്കീര്‍ണമായതിനാല്‍ വൈകും. പത്തനംതിട്ട പെരുമ്പെട്ടിയില്‍ ബി.ടി.ആറില്‍ റിസര്‍വ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയ ലാന്‍ഡ് പാഴ്സലുകള്‍ പരിശോധിച്ചപ്പോള്‍ 1032 എണ്ണം വനത്തിന് പുറത്താണെന്ന് കണ്ടെത്തുകയായിരുന്നു. ഭൂമിയില്‍ വനംവകുപ്പ് അവകാശമുന്നയിച്ചതിനാല്‍ നാളുകളായി സമരം നടക്കുന്ന സ്ഥലമാണ് പെരുമ്പെട്ടി.
സംസ്ഥാനത്ത് 249 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി. 179 വില്ലേജുകളില്‍ പുരോഗമിക്കുന്നു. രജിസ്‌ട്രേഷന്‍, റവന്യു, സര്‍വേ വകുപ്പുകളുടെ ഏകീകൃത പോര്‍ട്ടല്‍ ഡിജിറ്റല്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് വരുക. അടിസ്ഥാനനികുതി രജിസ്റ്ററിലെ ഭൂമിയുടെ അളവും ഡിജിറ്റല്‍ സര്‍വേയിലെ അളവും വ്യത്യാസപ്പെടുന്ന പ്രശ്‌നത്തില്‍ ശാശ്വതപരിഹാരത്തിനാണ് പുതിയ സെറ്റില്‍മെന്റ് നിയമം വരും. ഇതിന് മുന്നോടിയായി റവന്യു, നിയമവകുപ്പുകള്‍ പ്രാരംഭ ചര്‍ച്ച നടത്തിക്കഴിഞ്ഞെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.
ഡിജിറ്റല്‍ സര്‍വേയില്‍ ഒരു വ്യക്തിക്ക് അധികഭൂമി കണ്ടെത്തിയാല്‍, മറ്റ് പരാതികളോ അവകാശവാദങ്ങളോ നിയമപ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ നികുതി അടയ്ക്കാന്‍ ഉടമയ്ക്ക് അവസരം നല്‍കും. ഇതിനായി റവന്യൂ വകുപ്പ് ഉത്തരവിറക്കും. അടുത്തഘട്ടമായാണ് ഇത്തരം ഭൂമി ഉടമയ്ക്ക് കൈവശംവെക്കാന്‍ അനുമതി നല്‍കുന്ന സെറ്റില്‍മെന്റ് നിയമം കൊണ്ടുവരുന്നത്. തിരുക്കൊച്ചിയിലാണ് മുന്‍പ് സെറ്റില്‍മെന്റ് നിയമം വന്നത്. സംസ്ഥാനം നിലവില്‍ വന്നശേഷം ഇതുവരെ സെറ്റില്‍മെന്റ് നിയമം ഉണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്