തിരുവനന്തപുരം: സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന് ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനില്‍ എത്തിയാല്‍ രേഖകള്‍ പരിശോധിക്കാമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മറുപടിനല്‍കാന്‍ 15 ദിവസംകൂടി പ്രശാന്തിന് നീട്ടിനല്‍കിയതും സസ്പെന്‍ഷന്‍ തുടരാന്‍ ഉത്തരവിട്ടതും. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ അവഹേളിച്ചതിനാണ് എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഷന്റെ ഭാഗമായി നല്‍കിയ കുറ്റപത്രത്തിന് പ്രശാന്ത് ഇനിയും മറുപടി നല്‍കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഏഴ് കത്തുകള്‍ നല്‍കിയെന്നും മറുപടി നല്‍കിയില്ലെന്ന മാധ്യമവാര്‍ത്തകള്‍ വ്യാജമാണെന്നും ശനിയാഴ്ച ഫെയ്സ്ബുക്കില്‍ പ്രശാന്ത് പോസ്റ്റിട്ടിരുന്നു.
കുറ്റപത്രത്തിന് മറുപടി നല്‍കേണ്ടത് അതില്‍ പറയുന്ന കുറ്റങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കി വേണം. പ്രശാന്ത് അങ്ങനെയൊരു മറുപടി നല്‍കിയിട്ടില്ല. പകരം ഉള്‍പ്പെടുത്തിയ രേഖകളെയും നിഗമനങ്ങളെയും സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. മറുപടി നല്‍കാനുള്ള സമയം ജനുവരി ആറ് വരെയായിരുന്നു. എന്നാല്‍ താന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നില്ലെന്ന കത്താണ് ഇതിന്റെ തലേന്ന് പ്രശാന്ത് നല്‍കിയത്.
കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയ ബി. അശോകിനും സര്‍ക്കാര്‍ തീരുമാനത്തോട് അതൃപ്തിയുണ്ട്. തദ്ദേശഭരണ പരിഷ്‌കരണ കമ്മിഷനിലേക്കാണ് അശോകിനെ മാറ്റിയത്. സെക്രട്ടേറിയറ്റിന് പുറത്തേക്ക് ഡെപ്യൂട്ടേഷനില്‍ അയക്കുമ്പോള്‍ ഉദ്യോഗസ്ഥനോട് ആലോചിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് മാറ്റമെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ അശോക് നിയമനടപടി തേടിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്