കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതിയെ കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന്റെ അധികാരപരിധിക്ക് പുറത്തേക്ക് മാറ്റരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. മധ്യപ്രദേശ് പൊലീസിനോ മറ്റേതെങ്കിലും വ്യക്തിക്കോ കോടതി ഉത്തരവില്ലാതെ ഹർജിക്കാരിയെ കൈമാറരുതെന്നും കോടതി വ്യക്തമാക്കി.
യുവതിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും കോടതി നിർദേശിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ വനിതാ സംരക്ഷണ ഓഫീസറെ സമീപിക്കാനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും ബന്ധപ്പെട്ട അധികൃതരോട് കോടതി നിർദേശം നൽകി. കേസ് ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.
ഇതിനുമുമ്പ് യുവതിയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ മധ്യപ്രദേശിലേക്ക് കൊണ്ടുപോയാൽ ജീവന് ഭീഷണിയുണ്ടെന്നും കുടുംബത്തിൽ നിന്ന് 'ഓണർ കില്ലിംഗ്' ഭീഷണി നേരിടുന്നുവെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഹർജി പരിഗണിച്ച കോടതി, ദേശീയ പട്ടികവർഗ കമ്മീഷന് കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ അധികാരങ്ങളില്ലെന്നും അതിന്റെ ചുമതലകൾ പ്രധാനമായും ശുപാർശകൾ നൽകുന്നതിലേക്കാണ് പരിമിതപ്പെടുന്നതെന്നുമാണ് പ്രാഥമികമായി നിരീക്ഷിച്ചത്. ഹർജിക്കാരിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇടക്കാല നിർദേശങ്ങൾ തുടർന്നും പ്രാബല്യത്തിൽ തുടരുമെന്നും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
