തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിക്കിടെ ആലപ്പുഴയില്‍ വെച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഭാവിക നീതിയായിട്ടാണ് കാണുന്നതെന്ന് അന്ന് ഗണ്‍മാന്റെ മര്‍ദ്ദനമേല്‍ക്കുകയും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് എം.എല്‍.എയാകുകയും ചെയ്ത എ.ഡി തോമസ് പ്രതികരിച്ചു. അന്ന് നടന്ന ക്രൂരതയെ അന്നത്തെ മുഖ്യമന്ത്രി 'രക്ഷാപ്രവര്‍ത്തനം' എന്ന് വിളിച്ച് ന്യായീകരിച്ചത് അക്രമികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമായി മാറുകയായിരുന്നു. വൈകിയാണെങ്കിലും ഈ തീരുമാനത്തിലൂടെ നീതി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഡി തോമസ് പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന നവകേരള സദസിനിടയിലാണ് വിവാദപരമായ ഈ സംഭവം ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥരും ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കും ജനരോഷത്തിനും വഴിതെളിച്ചിരുന്നു.
സംസ്ഥാനത്ത് ഭരണം മാറിയതിന് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
