തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണവും മറ്റ് അമൂല്യ വസ്തുക്കളും സംബന്ധിച്ച് ഗുരുതര കണ്ടെത്തലുകളുമായി പൊലീസ് റിപ്പോർട്ട്. അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയ ചില സ്വർണ വസ്തുക്കൾ തിരികെ എത്തിച്ചിട്ടില്ലെന്നും, ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളിൽ കുറവ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഭക്തർ സംഭാവനയായി നൽകിയ സ്വർണവും വജ്രങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വൈരനാമവും കുറച്ച് നാളുകളായി കാണാനില്ലെന്നാണ് വിവരം.
വിശ്വാസികൾ സമർപ്പിച്ച 78 ഗ്രാം സ്വർണത്തിൽ കുറവ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവിളക്ക് ആറുമാസമായിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും കണ്ടെത്തി.
ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. ക്ഷേത്രസുരക്ഷയിൽ ഗുരുതര വീഴ്ചകൾ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജകുടുംബവുമായി ബന്ധമുള്ള ചിലരുടെ ഇടപെടലുകൾ ക്ഷേത്രസുരക്ഷയെ ബാധിക്കുന്നുവെന്ന വിലയിരുത്തലും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർ സുരക്ഷാ പരിശോധനകൾ മറികടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ക്ഷേത്രത്തിലെ സ്വർണക്കട്ടികൾ സൂക്ഷിക്കുന്ന രീതി ഉൾപ്പെടെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെന്ന് ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ക്ഷേത്രത്തിലെ മോഷണങ്ങളും സുരക്ഷാ വീഴ്ചകളും തടയാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അന്വേഷണം ശക്തമാക്കുമെന്നും, ആവശ്യമായ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
