പത്തനംതിട്ട: ശബരിമലയിലെ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് സംഘം സന്നിധാനത്ത് പരിശോധന നടത്തിയതായി റിപ്പോർട്ട്. ഏകദേശം 36 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ 33 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു വിജിലൻസിന്റെ പരിശോധന നടന്നത്.
അതേസമയം സന്നിധാനത്തിലെ വിവിധ ഓഫീസുകളിലും വിൽപ്പന കൗണ്ടറുകളിലും മറ്റ് അനുബന്ധ ഇടങ്ങളിലുമാണ് പരിശോധന നടന്നത്. ആകെ 13,675 നെയ്യ് പായ്ക്കറ്റുകൾ വിൽപ്പന നടത്തിയെങ്കിലും അതിന്റെ കണക്കുകൾ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ശബരിമല ആടിയ നെയ്യ് തട്ടിപ്പ് കേസിൽ ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എസ്.പി. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നെയ്യ് വിൽപ്പനയിൽ ഉണ്ടായ ക്രമക്കേടുകൾ പ്രത്യേകമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും, പ്രത്യേക അന്വേഷണ സംഘം നിയോഗിക്കാനും വിജിലൻസ് ഡയറക്ടറോട് ദേവസ്വം ബെഞ്ച് നിർദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അന്വേഷണ പുരോഗതി ഒരു മാസത്തിനകം കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീർഥാടകർക്കായി നടത്തിയ അഭിഷേക നെയ്യ് പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തിയതായാണ് കണ്ടെത്തൽ. ഈ നെയ്യ് ടെംപിള്‍ സ്പെഷ്യൽ ഓഫീസർ ഏറ്റുവാങ്ങി കൗണ്ടറുകൾ വഴി വിതരണം ചെയ്യുന്നതാണ്. ഇതിന്റെ കണക്കുകളിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തായത്. ഭക്തർ നൽകുന്ന പണം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്ന സ്ഥിതി അതീവ ഗൗരവകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
