കൊച്ചി: വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോൾ, രണ്ട് പതിറ്റാണ്ട് മുമ്പ് കേരള രാഷ്ട്രീയം കണ്ട സമാനമായ ഒരു സാഹചര്യം വീണ്ടും ആവർത്തിക്കുകയാണ്. 2006ൽ ജനവികാരത്തിന് മുന്നിൽ സിപിഎം വഴങ്ങിയിരുന്നെങ്കിൽ, 2026ൽ അതേ അവസ്ഥ കോൺഗ്രസിനാണ് നേരിടേണ്ടി വന്നത്. അന്ന് വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും ജനങ്ങൾ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ ഇടപെട്ട് വി എസ് അച്യുതാനന്ദന് സീറ്റ് നൽകുകയും പിന്നീട് വിജയിച്ച എൽഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു.
ഭരണപരിചയമില്ലാതെയായിരുന്നു വി എസ് അന്ന് മുഖ്യമന്ത്രിയായത്. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിലെ ശക്തമായ പ്രവർത്തനവും അതിലൂടെ നേടിയ ജനപിന്തുണയുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. സമാനമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇപ്പോൾ വി ഡി സതീശനും മുഖ്യമന്ത്രിപദത്തിലെത്തുന്നത്. പഞ്ചായത്തുതലം ഉൾപ്പെടെ യാതൊരു മുൻ ഭരണപരിചയവുമില്ലാതെയാണ് വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിലെ മികവാർന്ന പ്രവർത്തനത്തിലൂടെ നേടിയ ജനകീയ സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്തായി മാറിയത്.
ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ലഭിച്ചതിന് പിന്നാലെ തകർച്ചയിലായിരുന്ന കോൺഗ്രസിനെ വീണ്ടും ശക്തമായ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തുക എന്ന വലിയ വെല്ലുവിളിയായിരുന്നു വി ഡി സതീശന്റെ മുന്നിലുണ്ടായിരുന്നത്. നിയമസഭയ്ക്കുള്ളിലും പുറത്തും കോൺഗ്രസിനെയും യുഡിഎഫിനെയും മുന്നിൽ നിന്ന് നയിച്ച അദ്ദേഹം പാർട്ടിയെ വീണ്ടും സമരോത്സുകമാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിച്ച സതീശൻ, ഒടുവിൽ നിയമസഭ തെരഞ്ഞെടുപ്പിലും മുന്നണിക്ക് വമ്പൻ വിജയം നേടിക്കൊടുത്തു.
കോൺഗ്രസിന് 63 സീറ്റും യുഡിഎഫിന് 100ലേറെ സീറ്റും ലഭിക്കുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് മുതൽ വി ഡി സതീശൻ ആവർത്തിച്ച് പറഞ്ഞിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ സതീശന്റെ പ്രവചനം കൃത്യമായി ശരിവെക്കപ്പെട്ടു. പ്രവർത്തന മികവിനും നേതൃത്വ ശേഷിക്കും ലഭിച്ച അംഗീകാരമായാണ് ഇപ്പോൾ മുഖ്യമന്ത്രിപദം വി ഡി സതീശനെ തേടിയെത്തിയിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ വി ഡി സതീശൻ, എറണാകുളത്ത് നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രിയെന്ന പ്രത്യേകതയും സ്വന്തമാക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
