കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് സമുന്നത നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെയും ന്യൂമോണിയ ബാധയെയും തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. മെയ് 29 വെള്ളിയാഴ്ച രാത്രി 9:12 ഓടെയായിരുന്നു അന്ത്യം.
ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മെയ് 12 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം മെയ് 30 ശനിയാഴ്ച രാവിലെ ജന്മനാടായ കോതമംഗലത്തേക്ക് കൊണ്ടുപോകും. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച (മെയ് 31) ചേലാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.
2006-ല്‍ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പി.ജെ. ജോസഫ് രാജിവെച്ചതിനെ തുടര്‍ന്നാണ് ടി.യു. കുരുവിള പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2006 നവംബര്‍ മുതല്‍ 2007 സെപ്റ്റംബര്‍ വരെ അദ്ദേഹം മന്ത്രിപദവിയില്‍ തുടര്‍ന്നു. പിന്നീട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചെങ്കിലും, തുടര്‍ന്നുണ്ടായ പൊലീസ് അന്വേഷണത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടു.
സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ടി.യു. കുരുവിള കൃഷി, വ്യാപാര മേഖലകളില്‍ നിന്നാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. തദ്ദേശഭരണ രംഗത്ത് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള നേതാവായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി 14 വര്‍ഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. കോതമംഗലം നഗരസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ (1982-1987), സംസ്ഥാന ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ (1996-2001) എന്നി നിലകളില്‍ മികച്ച ഭരണപാടവം കാഴ്ചവെച്ചു.
കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ അദ്ദേഹം നിയമസഭയിലെത്തി. 2006-ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായും 2011-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായും മത്സരിച്ചാണ് അദ്ദേഹം വിജയം വരിച്ചത്. കേരള കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, സംസ്ഥാന ട്രഷറര്‍, വൈസ് ചെയര്‍മാന്‍ തുടങ്ങിയ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
