കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗത്തിനും ഗാർഹിക പീഡനത്തിനും തുല്യമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിൽ ഗാർഹിക പീഡനം നടന്നതായി തെളിയിക്കാൻ, ജീവനാംശം നിഷേധിച്ചതിനെക്കാൾ വലിയ തെളിവ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശം നൽകണമെന്ന ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. ഈ ഉത്തരവ് പാലക്കാട് സെഷൻസ് കോടതിയും നേരത്തെ ശരിവെച്ചിരുന്നു.
ഭാര്യ സ്വകാര്യ കോളേജിൽ അധ്യാപികയായി ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഇത്രയും ഉയർന്ന തുക ജീവനാംശമായി അനുവദിച്ചത് നീതിയല്ലെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ അനുവദിച്ച തുക അമിതമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
ജീവനാംശം നൽകാൻ തനിക്ക് സാമ്പത്തികശേഷിയില്ലെന്ന ഭർത്താവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. സാമ്പത്തികശേഷിയുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, ഭാര്യയ്ക്കും മകൾക്കും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ ജീവനാംശം ഉറപ്പാക്കേണ്ടത് ഭർത്താവിന്റെ നിയമപരവും ധാർമികവുമായ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്കും മകൾക്കും അടിസ്ഥാന ജീവിതസൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ സാമ്പത്തിക പിന്തുണ നിഷേധിക്കുന്നത് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇത്തരം കേസുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
