ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്‍ കൊലക്കേസിന് പിന്നാലെ ചേര്‍ത്തല സ്വദേശിനി ഐഷ (ഹയറുമ്മ) കൊലക്കേസും സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനാണ് ഈ കേസിലേയും പ്രതി. നിലവില്‍ ചേര്‍ത്തല പൊലീസ് അന്വേഷിക്കുന്ന കേസില്‍ മൃതദേഹമടക്കമുള്ള തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
2012 ല്‍ ഐഷയെ കാണാതായതായി ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഐഷ തന്റെ വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്ന സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് മാസം മുന്‍പ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താനായില്ല. ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യനാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുമ്പോഴും ശാസ്ത്രീയ തെളിവൊന്നും കണ്ടെത്തിയിട്ടില്ല. കേസില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലക്കേസിലും മുഖ്യപ്രതിയായ സെബാസ്റ്റ്യന് കുരുക്ക് മുറുകും. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയിലെ ഡി.എന്‍.എ പരിശോധനാ ഫലത്തിന് പിന്നാലെ എല്ലിന്റെ അവശിഷ്ടങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ഉറപ്പിക്കുന്ന ഡി.എന്‍.എ ഫലവും ലഭിച്ചിരുന്നു. സെബാസ്റ്റ്യന്‍ പ്രതിയായ മൂന്ന് കൊലക്കേസുകളില്‍ ശാസ്ത്രീയ തെളിവ് കണ്ടെത്താനായത് ജെയ്നമ്മ കേസില്‍ മാത്രമാണ്.
2024 ഡിസംബറില്‍ കാണാതായ ജെയ്നമ്മ അതേദിവസം തന്നെ കൊല്ലപ്പെട്ടതായാണ് കണ്ടെത്തല്‍. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടന്ന കൊലപാതകം പുറത്തറിഞ്ഞത് 2025 ജൂലൈയിലാണ്. തുടര്‍ന്ന്, സെബാസ്റ്റ്യന്‍ അറസ്റ്റിലായി. തുടര്‍ന്നുനടന്ന ചോദ്യംചെയ്യലില്‍ ബിന്ദു പദ്മനാഭനും പിന്നീട്, ഐഷയും കൊല്ലപ്പെട്ടതായ വിവരവും പുറത്തുവന്നത്. അതിന് ശേഷം സെബാസ്റ്റ്യന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
