പത്തനംതിട്ട: തമിഴ്‌നാട്ടില്‍നിന്ന് 11 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ തേടി ക്രൈംബ്രാഞ്ച് സംഘം പത്തനംതിട്ടയില്‍. കോയമ്പത്തൂര്‍ കരുമത്താംപട്ടി സ്വദേശിനി ധരിണി ഇവിടെയെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷണം കേരളത്തിലേക്കുകൂടി വ്യാപിപ്പിച്ചത്.
2014 സെപ്റ്റംബര്‍ 17 ന് കാണാതാകുമ്പോള്‍ ധരിണിക്ക് 38 വയസായിരുന്നു. അവിവാഹിതയാണ്. ഉയരം അഞ്ചടി ഏഴിഞ്ച്. വെളുത്തനിറം, കണ്ണടയുണ്ട്. വലത് കവിള്‍ത്തടത്തില്‍ അരിമ്പാറ എന്നിവയാണ് അടയാളങ്ങള്‍. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബിരുദധാരിയാണ് ധരിണി. ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യുന്ന സ്വഭാവമുള്ള ധരിണിക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറെ താത്പര്യമുള്ള കൂട്ടത്തില്‍ ആയിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളിലോ കോളജിലോ ട്യൂഷന്‍ സെന്ററിലോ ഇവര്‍ ജോലി ചെയ്യാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് തേടുന്നത്. 2015 ഫെബ്രുവരി 27 ന് ധരിണി ചെങ്ങന്നൂര്‍ മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ സഞ്ചരിച്ചിരുന്നു എന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അന്വേഷണ സംഘം പത്തനംതിട്ടയില്‍ എത്തിയത്. ജില്ലാ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
തിരുപ്പൂര്‍, അവിനാശി, കോയമ്പത്തൂര്‍, കുമരത്താംപട്ടി എന്നിവിടങ്ങളില്‍ ധരിണി മുന്‍പ് താമസിച്ചിരുന്നു. ഒന്നിലധികം ഇ-മെയില്‍ ഐഡികളുള്ളയാളാണ്. എന്നാല്‍ പത്തനംതിട്ടയിലെത്തിയ ശേഷം ഇ-മെയില്‍ വഴി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. ഇ-മെയില്‍ ഐഡികള്‍ ഒഴിവാക്കിയതായും സംശയമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ഇവര്‍ ഇത്തരം അക്കൗണ്ടുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.
ധരിണിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ക്രൈംബ്രാഞ്ച് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവര്‍ കോയമ്പത്തൂര്‍ സിറ്റി ക്രൈംബ്രാഞ്ച് സിഐഡി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്