തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനെതിരെ തിരുവനന്തപുരത്ത് പിണറായി വിജയന്റെ വാടകവീട്ടിന് മുന്നിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം. ബേക്കറി ജംഗ്ഷനിലെ വസതിക്ക് മുന്നിലായിരുന്നു നേതാക്കളും പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.
മുൻ മന്ത്രി വി. ശിവൻകുട്ടി, കെ.കെ. ജയചന്ദ്രൻ, വി. ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. സിപിഎം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, കെ.കെ. രാജേഷ് എന്നിവരും സ്ഥലത്തെത്തി പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ടായിരുന്നു പ്രതിഷേധ മുദ്രാവാക്യങ്ങൾ. “മോദി – മേനോൻ വി.ഡി – ഇഡി വേട്ട സിപിഎമ്മിനോട് വേണ്ട” എന്നെഴുതിയ ബാനറുകളും പ്രവർത്തകർ ഉയർത്തിക്കാട്ടി.
സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഡി പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾ ഉൾപ്പെടെ പത്ത് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ബെംഗളൂരുവിലും പരിശോധന തുടരുകയാണ്. അവിടെ എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വസതിയിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇഡി സംസ്ഥാനവ്യാപകമായി റെയ്ഡ് ആരംഭിച്ചത്.
മറുപുറം:
ചെങ്കോലും കിരീടവും രാജാവാകാശവും കയ്യാലപ്പുറത്തെ തേങ്ങപോലെ ഇരിക്കുന്ന ഈ അവസരത്തിൽ ഉണ്ട ചോറിന് നന്ദി കാണിക്കാതിരിക്കാൻ പറ്റുമോ ?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
