തൊടുപുഴ (ഇടുക്കി): സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിൽ കടുത്ത ഭിന്നത പുകയുന്നതിനിടെ മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശിവരാമനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പീരുമേട് മണ്ഡലത്തിലെ പാർട്ടിയുടെ തോൽവിയുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെതിരെ സ്വകാര്യ ചാനലിലൂടെ പരസ്യ വിമർശനം ഉന്നയിച്ചതിനാണ് ഈ അച്ചടക്ക നടപടി.
നിലവിൽ പാർട്ടി ജില്ലാ കൗൺസിലിലും ജില്ലാ എക്സിക്യുട്ടീവിലും അംഗമായ ശിവരാമനെ തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാനാണ് ശുപാർശ. ഈ തീരുമാനം ഇനി ചേരുന്ന ജില്ലാ കമ്മിറ്റി കൂടി അംഗീകരിക്കേണ്ടതുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി വ്യാഴാഴ്ച ചേർന്ന അടിയന്തര ജില്ലാ എക്സിക്യുട്ടീവ് യോഗം അദ്ദേഹത്തോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പീരുമേട്ടിലെ സ്ഥാനാർത്ഥിത്വം പാളിയെന്നും, മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കുമ്പോൾ അവർ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമൻ പരസ്യമായി തുറന്നടിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയും ജില്ലാ നേതൃത്വത്തിനും സെക്രട്ടറിക്കുമെതിരെ ശിവരാമൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ശാന്തനാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
