രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന്  മുഖ്യമന്ത്രി തറക്കല്ലിടും

FEBRUARY 6, 2026, 7:38 PM

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് (ഫെബ്രുവരി 7) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകും.

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എംപി, മേയർ ഒ സദാശിവൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി പി രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, എം കെ മുനീർ, ഇ കെ വിജയൻ, ലിന്റോ ജോസഫ്, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പി ടി എ റഹീം, കെ കെ രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും. 617 കോടി രൂപ ചെലവിട്ടാണ് ഈ സംരംഭം ഒരുക്കുന്നത്.

ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) നിർമിക്കുന്നത്.

vachakam
vachakam
vachakam

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 500 ൽ അധികം കിടക്കകൾ, ഐ.സി.യു, ഡയാലിസിസ്, ഓപറേഷൻ തിയേറ്റർ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 

രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഐ.സി.യു, എച്ച്.ഡി.യു സൗകര്യങ്ങൾ, ഡയാലിസിസ് സെന്റർ, 10 ഓപറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും.

14 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിർമാണം. ട്രാൻസ്പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്സുകൾക്കും പദ്ധതിയുണ്ട്.

vachakam
vachakam
vachakam

വർഷം തോറും 1,100 കോർണിയ ട്രാൻസ്പ്ലാന്റുകൾ, 520 വൃക്ക ട്രാൻസ്പ്ലാന്റുകൾ, 320 കരൾ ട്രാൻസ്പ്ലാന്റുകൾ, 15 ആന്ത്ര (ഇന്റസ്റ്റൈനൽ) ട്രാൻസ്പ്ലാന്റുകൾ, 15 പാൻക്രിയാസ് ട്രാൻസ്പ്ലാന്റുകൾ, 50 ഹൃദയ ട്രാൻസ്പ്ലാന്റുകൾ, 40 ശ്വാസകോശ ട്രാൻസ്പ്ലാന്റുകൾ, 120 ബോൺ മാരോ ട്രാൻസ്പ്ലാന്റുകൾ, 300 സോഫ്റ്റ്ടിഷ്യു/വിരൽ/കൈ/എല്ല്/മുഖം ട്രാൻസ്പ്ലാന്റുകൾ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമാണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam