ന്യൂഡൽഹി: കേന്ദ്ര ഭരണത്തിലും പാർട്ടി സംഘടനയിലും സമഗ്രമായ അഴിച്ചുപണിക്ക് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു. ഭരണത്തിൽ കൂടുതൽ കരുത്ത് പകരുന്നതിനും വരാനിരിക്കുന്ന നിർണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടുന്നതിനുമായി കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നാണ് വിവരം.
പന്ത്രണ്ടോളം കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും പ്രകടനം തൃപ്തികരമല്ലാത്ത നാല് മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടേക്കുമെന്നും ശക്തമായ സൂചനകളുണ്ട്. ഇതിനകം തന്നെ ബിജെപി സംഘടനയ്ക്കുള്ളിൽ അഴിച്ചുപണികൾ ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിൽ നിന്നുള്ള മന്ത്രിമാരിൽ മാറ്റമുണ്ടാകുമോ? അണികളിൽ ആകാംഷ
കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ വാർത്തകൾ പുറത്തുവന്നതോടെ കേരളത്തിലെ ബിജെപി അണികളും ഏറെ ആകാംഷയിലാണ്. ജോർജ് കുര്യൻ പദവിയിൽ തുടരുമോ എന്നതാണ് പ്രധാന ചോദ്യം. തൃശ്ശൂരിൽ നിന്നുള്ള ലോക്സഭാംഗവും ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രിയുമായ സുരേഷ് ഗോപി നിലവിലെ സ്ഥാനത്ത് തന്നെ തുടരാനാണ് കൂടുതൽ സാധ്യത.
അതേസമയം, ഒ. രാജഗോപാലിന് ശേഷം ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാക്കളിലൊരാളായ സി. സദാനന്ദൻ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുമോ എന്ന ചർച്ചകളും സജീവമാണ്.
കൂടാതെ, ദേശീയ തലത്തിൽ ബിജെപിയുടെ നിർണ്ണായക ചുമതലകൾ വഹിക്കുന്ന അനിൽ കെ. ആന്റണിയുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ കേരള ബിജെപിയിൽ പുതിയ പ്രഭാരിയെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.
അടുത്തിടെ രാജ്യവ്യാപകമായി നടപ്പിലാക്കിയ സിബിഎസ്ഇയുടെ (CBSE) പുതിയ ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിലുണ്ടായ ഗുരുതരമായ പിഴവുകളും ക്രമക്കേടുകളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം കടുത്ത ആക്രമണം അഴിച്ചുവിട്ട ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
