കേരള രാഷ്ട്രീയ ചരിത്രത്തില്‍ സമീപകാലത്തൊന്നും കാണാത്ത തിളക്കമാര്‍ന്ന വിജയമാണ് യുഡിഎഫ് ഇത്തവണ നേടിയത്. ഐക്യ ജനാധിപത്യ മുന്നണി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് എല്‍ഡിഎഫാണ്. അവര്‍ വലിയ പരാജയം നേരിട്ടു.
വമ്പന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം കേവലമൊരു ഭരണമാറ്റം മാത്രമല്ല. ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടതോടെ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പല നേതാക്കളുടെയും ഭാവിയും അസ്തിത്വവും കൂടിയാണ് ഇവിടെ മാറുന്നത്. ഈ ഉജ്ജ്വല വിജയത്തിന് ചുക്കാന്‍ പിടിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. ഇതിനൊപ്പം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ.സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരും നിര്‍ണായക പങ്ക് വഹിച്ചു.
ഇനി ഇവരുടെ ലക്ഷ്യങ്ങളും മുഖ്യമന്ത്രി പദത്തിലേക്കുള്ള ചരടുവലികളുമാണ് യുഡിഎഫ് ക്യാമ്പിലെ പ്രധാന ചര്‍ച്ചയായി മാറുന്നത്. മറുവശത്ത് കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. 10 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് ശേഷം വലിയ പരാജയം അവര്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്ത് സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനം കൂടിയാണ് ഇപ്പോള്‍ നഷ്ടപ്പെട്ടത്. വലിയൊരു കേഡര്‍ പാര്‍ട്ടിയുടെ അതിജീവന പോരാട്ടങ്ങള്‍ക്കാണ് കേരളം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പാര്‍ട്ടിക്കുള്ളിലെ പല മാറ്റങ്ങള്‍ക്കും ഈ ജനവിധി കാരണമാകും.
തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വളരെ വിശദമായി തന്നെ പരിശോധിക്കാം.
സതീശന്റെ കരുത്തും തിളക്കമാര്‍ന്ന വിജയവും
യുഡിഎഫ് വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമ്പോള്‍ ആ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അര്‍ഹിക്കുന്നത് മറ്റാരുമല്ല. അത് വിഡി സതീശന് മാത്രമുള്ളതാണ്. മുന്നണി പരാജയപ്പെട്ടാല്‍ താന്‍ പൂര്‍ണമായി രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് വിഡി സതീശന്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. അത് വന്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയിരുന്നു. ഒരു വലിയ രാഷ്ട്രീയ ചൂതാട്ടം കൂടിയായിരുന്നു ആ പ്രഖ്യാപനം. സമുദായ സമവാക്യങ്ങളെയും പാര്‍ട്ടിക്കുള്ളിലെ കടുത്ത സമ്മര്‍ദങ്ങളെയും അദ്ദേഹം കൃത്യമായി അതിജീവിച്ചു. വളരെ ശക്തമായ തീരുമാനങ്ങളിലൂടെയാണ് അദ്ദേഹം മുന്നണിയെ അധികാരത്തില്‍ എത്തിച്ചത്.
കേരളത്തില്‍ പരാജയപ്പെട്ട മന്ത്രിമാരും പ്രമുഖരും
റോഷി അഗസ്റ്റിന്‍
കൈപ്പിടിയിലൊതുക്കിയ ഇടുക്കി നിയോജക മണ്ഡലത്തില്‍ റോഷി അഗസ്റ്റിന് അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി റോയ് കെ. പൗലോസ് വലിയ മുന്നേറ്റത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ചുകയറിയ റോഷി അഗസ്റ്റിനെ മുട്ടുകുത്തിക്കാനായതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആവേശം അണപൊട്ടി. 23,822 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് റോയ് കെ. പൗലോസ് വിജയിച്ചത്.
ഉടുമ്പന്‍ചോലയും നിലംപൊത്തി
യുഡിഎഫ് തരംഗത്തില്‍ ഇടുക്കിയിലെ ചെങ്കോട്ടയായ ഉടുമ്പന്‍ചോലയും നിലംപൊത്തി. കെ.കെ. ജയചന്ദ്രനെ 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ സേനാപതി വേണു ചരിത്രവിജയം സ്വന്തമാക്കിയത്. തോട്ടം തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ഭരണവിരുദ്ധ വികാരം വോട്ടായി മാറുകയായിരുന്നു.
വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി രാജീവ് ചന്ദ്രശേഖര്‍
കേരളം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ആവേശകരമായ വിജയം. 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം മന്ത്രി വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തില്‍ അവസാന ഘട്ടത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത്.
പരാജയം അറിഞ്ഞ് വി.എന്‍. വാസവന്‍
മന്ത്രിമാരെ പോലും നിലംതൊടീക്കാത്ത യുഡിഎഫ് തരംഗത്തില്‍ ഏറ്റുമാനൂര്‍ മണ്ഡലവും ഇടതുപക്ഷത്തിന് കൈവിട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിലൂടെ 19,752 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 14,000-ത്തിലധികം വോട്ടുകള്‍ക്ക് വി.എന്‍. വാസവന്‍ വിജയിച്ച മണ്ഡലത്തിലാണ് ഇക്കുറി യുഡിഎഫ് അട്ടിമറി നടത്തിയത്.
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ പടയോട്ടം, അടിപതറി വി.കെ പ്രശാന്ത്
കേരളം ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ കെ. മുരളീധരന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും മുന്നണികള്‍ മാറിമാറി ലീഡ് ചെയ്ത വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 2,796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ വി.കെ പ്രശാന്തിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയ്ക്കും മുരളീധരന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിപതറി.
ശോഭ കെട്ട് ശോഭാ സുരേന്ദ്രന്‍, ജയിച്ച് കയറി പിഷാരടി
കേരളം ഉറ്റുനോക്കിയ പാലക്കാട് മണ്ഡലത്തില്‍ രമേശ് പിഷാരടിയിലൂടെ യുഡിഎഫ് ആധിപത്യം നിലനിര്‍ത്തി. ബിജെപിയുടെ കരുത്തയായ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനുമായി വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും അവസാന ലാപ്പില്‍ പിഷാരടി വ്യക്തമായ മേല്‍ക്കൈ നേടി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് പിടിച്ചെടുക്കാമെന്ന എന്‍ഡിഎയുടെ സ്വപ്നങ്ങള്‍ക്കാണ് വോട്ടര്‍മാര്‍ തടയിട്ടത്.
പയ്യന്നൂരിലും നിലമ്പൂരിലും യുഡിഎഫ് അട്ടിമറി വിജയം
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ട് പയ്യന്നൂരിലും നിലമ്പൂരിലും ഉള്‍പ്പെടെ യുഡിഎഫ് അട്ടിമറി വിജയം നേടിയപ്പോള്‍, പുതുപ്പള്ളിയും ഹരിപ്പാടും തങ്ങളുടെ നേതാക്കളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. സിപിഎമ്മിന്റെ ഏറ്റവും ഉറച്ച കോട്ടയെന്ന് കരുതപ്പെട്ടിരുന്ന പയ്യന്നൂരില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ നടത്തിയ അട്ടിമറി വിജയമാണ് ഇത്തവണത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എംഎല്‍എ ടി.ഐ. മധുസൂദനനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 49,780 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥിക്കേറ്റ ഈ തിരിച്ചടി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ നിശബ്ദമാക്കിയിരിക്കുകയാണ്.
മധ്യകേരളം ജോസഫിനൊപ്പം; ജോസ് കെ. മാണി വിഭാഗത്തിന് കനത്ത തിരിച്ചടി
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മധ്യകേരളത്തിലെ ക്രിസ്തീയ വോട്ട് ബാങ്കുകളില്‍ പി.ജെ. ജോസഫ് വിഭാഗം ആധിപത്യം ഉറപ്പിക്കുന്നു. മത്സരിച്ച എട്ടു സീറ്റുകളിലും ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ മുന്നേറുമ്പോള്‍, എല്‍ഡിഎഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഒരിടത്തും ലീഡ് പിടിക്കാനായിട്ടില്ല.
അഖില്‍ മാരാര്‍ക്ക് മാരക തോല്‍വി, ഉമ തോമസ് തൃക്കാക്കരയില്‍
റെക്കോര്‍ഡ് ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് ഉമ തോമസ് തൃക്കാക്കരയില്‍. റിയാലിറ്റി ഷോ വിജയി എന്ന താരപരിവേഷവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയ അഖില്‍ മാരാര്‍ക്ക് മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.
പത്മജയ്ക്ക് തോല്‍വിയില്‍ ഹാട്രിക്
സാംസ്‌കാരിക നഗരമായ തൃശൂരില്‍ യുഡിഎഫ് തരംഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ ജെ. പല്ലന്‍ 25,000ത്തിലധികം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. അതേസമയം, വലിയ പ്രതീക്ഷകളുമായി ബിജെപി പാളയത്തിലെത്തിയ പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തില്‍ തോല്‍വിയില്‍ ഹാട്രിക് തികയ്ക്കുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.
വീണാ ജോര്‍ജ്
ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജിനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ അബിന്‍ വര്‍ക്കി വിജയിച്ചു. 18,011 വോട്ടാണ് അബിന്‍ വര്‍ക്കിയുടെ ഭൂരിപക്ഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
