സിലിണ്ടര്‍ മാറ്റിവെക്കാന്‍ സഹായിക്കാനെത്തി; ഒടുവില്‍ വയോധികയെ ജീവനോടെ കായലില്‍ താഴ്ത്തി; ആറാട്ടുപുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

MAY 29, 2026, 9:05 PM

ആലപ്പുഴ: ആറാട്ടുപുഴ കിഴക്കേക്കര സാധുപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ പ്രതി പൊലീസ് വലയില്‍. തങ്കമ്മയുടെ വീട്ടുപകരണങ്ങള്‍ മാറ്റിവെക്കാനും മറ്റും സ്ഥിരമായി സഹായിക്കാനെത്താറുള്ള സമീപവാസിയും അകന്ന ബന്ധുവുമായ കനകക്കുന്ന് കൊച്ചുപടന്നയില്‍ പ്രകാശനാണ് (52) പിടിയിലായത്.

കടുത്ത സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ തങ്കമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായിരുന്നു പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതി തങ്കമ്മയെ കായലില്‍ താഴ്ത്തിയത് ജീവനോടെയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. ഞായറാഴ്ച രാവിലെ തങ്കമ്മയുടെ ആവശ്യപ്രകാരം ഗ്യാസ് സിലിണ്ടര്‍ വീടിനകത്തേക്ക് എടുത്തുവെക്കാന്‍ പ്രകാശന്‍ എത്തിയിരുന്നു. ഈ സമയത്താണ് തങ്കമ്മയുടെ കൈകളില്‍ സ്വര്‍ണവളകളും മോതിരവും ഇയാള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഇവ കവരാന്‍ പ്രതി പദ്ധതിയിട്ടു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ കനത്ത മഴയുള്ള സമയത്താണ് പ്രകാശന്‍ വീണ്ടും തങ്കമ്മയുടെ വീട്ടിലെത്തിയത്. ടിവി കണ്ടുകൊണ്ടിരുന്ന തങ്കമ്മ വാതില്‍ തുറന്നയുടന്‍ അകത്തുകയറിയ പ്രതി, പെട്ടെന്ന് തലയണയെടുത്ത് മുഖത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. ബോധരഹിതയായി വീണ തങ്കമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാല് വളകളും മോതിരവും (ഏകദേശം ആറര പവനോളം) പ്രതി ഊരിയെടുത്തു. എന്നാല്‍ തലയണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന മാലയും കാതിലെ കമ്മലും കണ്ടെത്താന്‍ പരിഭ്രാന്തിയിലായിരുന്ന പ്രതിക്ക് സാധിച്ചില്ല.

vachakam
vachakam
vachakam

തങ്കമ്മ മരിച്ചുവെന്ന് കരുതിയ പ്രതി, അവരുടെ തന്നെ കൈലിയും തോര്‍ത്തും ഉപയോഗിച്ച് കൈകാലുകള്‍ കൂട്ടിക്കെട്ടി. തുടര്‍ന്ന് അവിടെനിന്ന് കടന്നുകളഞ്ഞു. രാത്രി 12 മണിയോടെ വീണ്ടും വീട്ടില്‍ തിരിച്ചെത്തിയ പ്രകാശന്‍, മൃതദേഹം ചുമലിലേറ്റി കായല്‍ക്കരയില്‍ എത്തിച്ചു. സമീപത്തുനിന്നും കാട്ടുകല്ല് ഇളക്കിയെടുത്ത് മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കയര്‍ ഉപയോഗിച്ച് തങ്കമ്മയുടെ കഴുത്തില്‍ കെട്ടിയിട്ടു. കടവിലുണ്ടായിരുന്ന പഞ്ചായത്തിന്റെ വള്ളത്തില്‍ മൃതദേഹം കയറ്റി കായലിലെ ബോട്ട് ചാലില്‍ തള്ളുകയായിരുന്നു.

പ്രതി കായലില്‍ തള്ളുമ്പോള്‍ തങ്കമ്മയ്ക്ക് ജീവനുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വെള്ളം ശ്വാസകോശത്തില്‍ കയറിയാണ് വയോധിക മരിച്ചത്.

അന്വേഷണത്തില്‍ കുരുക്കായത് ആ പ്രത്യേക കയര്‍

vachakam
vachakam
vachakam

ചൊവ്വാഴ്ച രാവിലെ മല്ലിക്കാട്ടു കടവിനു സമീപം കായലില്‍ മൃതദേഹം പൊങ്ങിയതോടെയാണ് തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രകാശനിലേക്ക് അന്വേഷണം എത്തിയത് മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കയറിന്റെ പ്രത്യേകത കൊണ്ടാണ്. മത്സ്യബന്ധന ബോട്ടുകളില്‍ മാത്രം ഉപയോഗിക്കാറുള്ള ഈ പ്രത്യേക കയര്‍, മത്സ്യത്തൊഴിലാളിയായ പ്രകാശന്റെ വീട്ടുമുറ്റത്ത് തുണി ഉണക്കാന്‍ അയയായി കെട്ടിയിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനൊപ്പം കടുത്ത കടബാധ്യതയുണ്ടായിരുന്ന ഇയാള്‍ പെട്ടെന്ന് ചില കടങ്ങള്‍ വീട്ടിയതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചു.

സംശയമുള്ള അഞ്ച് പേരെ പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകാശന്റെ മൊഴികളിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണം കായംകുളത്തെ ഒരു കടയിലാണ് വിറ്റത്. പ്രതിയുമായി പൊലീസ് ഇന്ന് കൊലപാതകം നടന്ന വീട്ടിലും സ്വര്‍ണം വിറ്റ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam