കോഴിക്കോട്: സൗദി ജയിലിൽ നിന്ന് മോചിതനായി നാട്ടിലെത്തിയ അബ്ദുൽ റഹീമിനെ സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂർ. അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദിയാധനം സമാഹരിച്ച കേരള ജനതയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ജാതി-മത ഭേദമന്യേ മലയാളികൾ ഒരുമിച്ച് പ്രവർത്തിച്ചതാണ് ഈ മോചനത്തിന് പിന്നിലെന്നും, “ഇത് ലോക റെക്കോർഡാണ്” എന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. “36 കോടിക്ക് പകരം 40 കോടി രൂപ സമാഹരിച്ച് ഒരാളെ രക്ഷിക്കാൻ ലോകത്ത് കേരളത്തിനേ കഴിഞ്ഞിട്ടുള്ളൂ. അബ്ദുൽ റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് കേരള ജനതയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൽ റഹീമിന് തന്റെ ജ്വല്ലറിയിൽ ജോലി നൽകാൻ ആഗ്രഹമുണ്ടെന്നും, റഹീമിന്റെ അഭിപ്രായം കൂടി തേടിയ ശേഷമാകും തീരുമാനം എടുക്കുകയെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി അദ്ദേഹം ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.
ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. വൻ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയായതോടെയാണ് പെരുന്നാൾ ദിനത്തിൽ തന്നെ റഹീമിന് നാട്ടിലെത്താനായത്.
2006ൽ സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. തുടർന്ന് ഏകദേശം 20 വർഷത്തോളം അദ്ദേഹം സൗദി ജയിലിൽ കഴിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
