ചായക്കടയിലെ പാത്രം കഴുകി പഠനം; ഒടുവിൽ മന്ത്രിസ്ഥാനത്തേക്ക്; ബിന്ദു കൃഷ്ണയുടെ ജീവിത പോരാട്ടം

MAY 18, 2026, 12:39 AM

കൊല്ലം: ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് അഡ്വ. ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അച്ഛൻ നടത്തിയിരുന്ന ചെറിയ ചായക്കടയിൽ പാത്രം കഴുകിയും ജോലി ചെയ്തും വളർന്ന ബിന്ദു കൃഷ്ണയുടെ ജീവിതയാത്ര ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ വിജയകഥയായി മാറുകയാണ്.

ബിന്ദു കൃഷ്ണയുടെ അച്ഛൻ പി. സുകുമാരൻ ആദ്യം ചിട്ടി വ്യാപാരത്തിലായിരുന്നു. അമ്മ ബി. വസുമതി കശുവണ്ടി തൊഴിലാളിയായിരുന്നു. ബാല്യകാലത്തിന്റെ തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, രണ്ടാം ക്ലാസ് പഠിക്കുമ്പോഴേക്കും കുടുംബത്തിന്റെ ജീവിതം മാറിമറിഞ്ഞു. ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയുടെ ആരോഗ്യനില വഷളായി. ചികിത്സയ്ക്കായി ആശുപത്രികൾ കയറിയിറങ്ങേണ്ട സാഹചര്യം കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.

അമ്മയ്ക്ക് പിന്നീട് ചെറിയ ഭാരം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ വീട്ടുജോലികളുടെ മുഴുവൻ ചുമതലയും ബിന്ദുവിന്റെ ചുമലിലായി. അടുക്കള ജോലികൾ തീർത്ത ശേഷമാണ് അവർ സ്കൂളിലേക്കും പിന്നീട് കോളജിലേക്കും പോയിരുന്നത്.

vachakam
vachakam
vachakam

ജീവിതം തിരിച്ചുപിടിക്കാനായി അച്ഛൻ ചായക്കട ആരംഭിച്ചതോടെ ബിന്ദുവും അച്ഛനൊപ്പം ജോലിക്കിറങ്ങി. രാത്രി വൈകിയും ചായക്കടയിലെ ജോലി തീർത്ത ശേഷമാണ് പഠനത്തിനായി സമയം കണ്ടെത്തിയിരുന്നത്. കോളജ് കാലത്ത് കെഎസ്‌യു നേതാവായിരുന്നപ്പോഴും ചായക്കടയിലെ ജോലിയിൽ നിന്ന് അവർ പിന്മാറിയിരുന്നില്ല.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നാണ് ബിന്ദു കൃഷ്ണയുടെ പൊതുപ്രവർത്തന ജീവിതം ആരംഭിച്ചത്. കൊല്ലം എസ്.എൻ. കോളജിൽ യുയുസിയായി പ്രവർത്തിച്ചു. തുടർന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. കൊല്ലം, ചാത്തന്നൂർ മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എം. മുകേഷിനോട് വെറും 2072 വോട്ടുകൾക്കായിരുന്നു പരാജയം. എന്നാൽ ആ തോൽവിക്കുശേഷവും പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടർന്ന ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിസ്ഥാനത്തിലെത്തിയത് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam