പാലക്കാട്: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി നിയമിതനായത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രമാണെന്ന് മുൻ എം.എൽ.എ എ.വി. ഗോപിനാഥ്.
തന്റെ പൊതുജീവിതത്തിൽ ഇതിലും സന്തോഷകരമായ ഒരു വാർത്ത ഇനി കേൾക്കാനില്ലെന്നും മനസ്സിന് ഏറ്റവും സംതൃപ്തി നൽകുന്ന സ്ഥാനമാണിതെന്നും അദ്ദേഹം പാലക്കാട്ട് പ്രതികരിച്ചു. ഞായറാഴ്ച രാവിലെ 9.30-നും 11-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
താൻ ഈ സ്ഥാനത്തിന് വേണ്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പദവി തന്നിലേക്ക് വന്നെത്തിയതാണെന്നും ഗോപിനാഥ് പറഞ്ഞു. "നീ ഇനി പെരിങ്ങോട്ടുകുറുശ്ശിയിൽ നിൽക്കേണ്ട, അങ്ങോട്ടു വന്നോ എന്ന് ഗുരുവായൂരപ്പൻ തന്നോട് പറഞ്ഞതായാണ് തോന്നുന്നത്. മുഖ്യമന്ത്രിയെ കണ്ടപ്പോഴും ഇത്തരമൊരു പദവിയെക്കുറിച്ച് സംസാരിച്ചിരുന്നില്ല," അദ്ദേഹം വ്യക്തമാക്കി.
ഭക്തർക്ക് മനസ്സുനിറഞ്ഞ് തൊഴാനുള്ള അവസരമൊരുക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും കാര്യങ്ങൾ പഠിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിട്ടശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ സി.പി.എം സഖ്യത്തിൽ മത്സരിച്ചെങ്കിലും ഗോപിനാഥ് പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പ്രാദേശിക നേതൃത്വവുമായി ഉടലെടുത്ത അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗോപിനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായ ഈ പദവി അദ്ദേഹത്തെ തേടിയെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
