തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു സഭ ചരമോപചാരം അർപിച്ചു. വിഎസിന്റെ മകൻ വി.എ.അരുൺകുമാർ സഭയിലെ സന്ദർശക ഗ്യാലറിയിൽ എത്തിയിരുന്നു. ഇതു മാത്രമാണ് ഇന്നത്തെ നടപടി.
വി എസിന് ആദരമർപ്പിച്ച് മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം
കേരളത്തിന്റെ ആദരണീയനായ മുൻമുഖ്യമന്ത്രിയും ഈ സഭയിൽ ദീർഘകാലം അംഗവുമായിരുന്ന ശ്രീ. വി എസ് അച്യുതാനന്ദന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കേരളത്തിന്റെ സാമൂഹിക - രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അദ്ധ്യായത്തിനാണ് വി എസ്സിന്റെ മരണത്തോടെ തിരശ്ശീല വീണിരിക്കുന്നത്. ഭ അദ്ദേഹം ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകളും കാലാതിവർത്തിയായി നിലകൊള്ളും, തലമുറകൾക്കു പ്രചോദനവുമാകും.
ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി കേരളചരിത്രത്തിലെ പല സുപ്രധാന ഏടുകളെയും വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയായിരുന്നു സഖാവ് വി എസ്. സാമ്രാജ്യത്വവിരുദ്ധ - ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തെ, നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തെ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാരംഭഘട്ടത്തെ, എല്ലാം വർത്തമാനകാലവുമായി ബന്ധിപ്പിച്ചിരുന്ന വി എസ് എന്ന കണ്ണി അറ്റുപോയിരിക്കുകയാണ്. അത് കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു നൂറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി നിൽക്കുക, ആ ഘട്ടത്തിലെല്ലാം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുക, അവ പരിഹരിക്കുന്നതിനായി നിലകൊള്ളുക, ഇതെല്ലാം ചെയ്ത അപൂർവ്വം രാഷ്ട്രീയ പ്രവർത്തകരേ ലോകചരിത്രത്തിൽ തന്നെ ഉണ്ടാവുകയുള്ളൂ. ആ നിരയിലാണ് സഖാവ് വി എസ്സിന്റെ സ്ഥാനം. നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ് തുടങ്ങി പല നിലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. പുന്നപ്ര - വയലാർ വിപ്ലവത്തോട് അഭേദ്യമായി ചേർന്നുകിടക്കുന്നതുമാണ് അത്.
ഒരു സാധാരണ തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വി എസ് മാറിയതിനു പിന്നിൽ സഹനത്തിന്റെയും യാതനയുടെയും അതിജീവനത്തിന്റെയും നിരവധിയായ ഏടുകളുണ്ട്. കർഷകത്തൊഴിലാളി പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ വി എസ് വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.
തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകൻ ആയിരുന്നെങ്കിൽ അവസാനം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ ഭരണത്തെ ജനകീയമാക്കി പരിഷ്കരിക്കുന്നതിനുള്ള നായകത്വവും അദ്ദേഹം വഹിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗ്ഗങ്ങൾക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.
കേവലരാഷ്ട്രീയത്തിനപ്പുറത്തേക്കു പോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി എസ് വ്യാപരിച്ചു. അതിന് പാർട്ടി അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസമൂഹത്തിനാകെ സ്വീകാര്യമാവുന്ന തലത്തിലേക്കു വി എസിന്റെ രാഷ്ട്രീയ വ്യക്തിത്വം ഉയർന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്ക് പരിസ്ഥിതിയടക്കമുള്ള കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ വി എസ്സിന്റെ പങ്ക് അവിസ്മരണീയമാണ്.
ഒളിവിലും തെളിവിലുമായി അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നടത്തി. ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിലും സജീവമായി. 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959 ൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി. മിച്ചഭൂമി സമരമടക്കം എത്രയോ ധീരസമരങ്ങൾക്കു നേതൃത്വം നൽകി വി എസ്.
വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വർഷത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു വി എസ്സിന്റെ തടവു ജീവിതം. 1964 മുതൽ സി പി ഐ(എം) കേന്ദ്ര കമ്മിറ്റി അംഗമായും 1985 മുതൽ പോളിറ്റ്ബ്യൂറോ അംഗമായും പ്രവർത്തിച്ചു. 1980 മുതൽ 92 വരെ സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയായും, 1996 മുതൽ 2000 വരെ എൽ ഡി എഫ് കൺവീനറായും പ്രവർത്തിച്ചു.
2001 മുതൽ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതൽ 2011 വരെ മുഖ്യമന്ത്രി. 2011 മുതൽ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ തുടർന്നു. 1967, 70 എന്നീ വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും, 1991 ൽ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതൽ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്ന് എം എൽ എയായി. ആ ഘട്ടങ്ങളിലെല്ലാം അദ്ദേഹം എടുത്ത നിലപാടുകൾ, നിയമസഭയിൽ നടത്തിയ പ്രസംഗങ്ങൾ, ചർച്ചകൾ എല്ലാംതന്നെ പുതുതലമുറ നിയമസഭാ സാമാജികർക്കടക്കം മാതൃകയാണ്.
സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങളിൽ ഉഴറിയിരുന്ന കേരള സമൂഹത്തെ ഇന്നു കാണുന്ന നിലയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയവരുടെ നിരയിലാണ് വി എസ്. മാനുഷികമായതൊന്നും എനിക്ക് അന്യമല്ല എന്ന മാർക്സിന്റെ വചനങ്ങളെ സ്വജീവിതത്തിലൂടെ പ്രതിഫലിപ്പിച്ചുകൊണ്ട് സമൂഹത്തിനാകെ മാതൃക തീർത്താണ് അദ്ദേഹം കടന്നുപോയത്.
മറ്റു മനുഷ്യരോടുള്ള കരുതൽ ഉള്ളിടത്തോളം കാലം, മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷയുള്ളിടത്തോളം കാലം, അടിച്ചമർത്തപ്പെടുന്ന മനുഷ്യർ ഉള്ളിടത്തോളം കാലം, നിലനിൽക്കുന്നതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് നേതാക്കളുമെന്ന് പൊതുവെ പറയാറുണ്ട്. ആ നേതാക്കളുടെ നിരയിലാണ് വി എസ്സിന്റെ സ്ഥാനം. നാം ഓരോരുത്തരും സ്വപ്നം കാണുന്നതുപോലെ സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ എന്നും ഊർജ്ജവും പ്രചോദനവുമായി മാറും വി എസ്സിന്റെ സ്മരണ. ആ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്