കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നടി ലക്ഷ്മി പ്രിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് അൻസിബ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ലക്ഷ്മി പ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ തന്റെ സ്വകാര്യതയും വ്യക്തിപരമായ മാന്യതയും തകർക്കുന്നതാണെന്നാണ് അൻസിബയുടെ ആരോപണം. സംഭവത്തിൽ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
തുടർന്ന് പൊലീസിന്റെ നിലപാട് ചോദ്യം ചെയ്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാനാകില്ലെന്ന ഉത്തരവാണ് ലഭിച്ചത്. ഈ ഉത്തരവ് റദ്ദാക്കി ലക്ഷ്മി പ്രിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്നാണ് ഹൈക്കോടതിയോട് അൻസിബ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, 'അമ്മ' സംഘടനയിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ നടി ശ്വേത മേനോനും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിൽ തന്നെ കക്ഷി ചേർക്കണമെന്ന അൻസിബയുടെ ആവശ്യം എതിർത്താണ് ശ്വേതയുടെ നിലപാട്.
അൻസിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും വ്യക്തിപരമായ വിരോധത്തിന്റെ ഭാഗമായാണ് കേസിൽ കക്ഷിയാകാൻ ശ്രമിക്കുന്നതെന്നും ശ്വേത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. 'അമ്മ' പ്രസിഡന്റായി തുടരുന്നത് നിയമപരമായ തന്റെ അവകാശമാണെന്നും കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണ് അൻസിബയുടെ നീക്കമെന്നും അവർ കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
