അങ്കമാലി-ശബരി റെയിൽപാതയ്ക്ക് പച്ചക്കൊടി; 1900 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

FEBRUARY 5, 2026, 8:48 PM

അങ്കമാലി–ശബരി റെയിൽപാത പദ്ധതിക്ക് വീണ്ടും ജീവൻ. പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. ദീർഘകാലമായി തടസ്സങ്ങളിൽ കുടുങ്ങിക്കിടന്ന ശബരി റെയിൽപാത യാഥാർഥ്യമാകുന്നതോടെ കാൽനൂറ്റാണ്ടിലേറെയായി നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ കുടുങ്ങിക്കിടന്ന ഭൂവുടമകൾക്കും സർക്കാരിന്റെ തീരുമാനം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ചുവപ്പ് നാടയിൽ കുടുങ്ങിയിരുന്ന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചത്. മൂന്ന് ഘട്ടങ്ങളിലായി തലസ്ഥാനത്തേക്ക് നീളുന്ന ശബരി റെയിൽപാതയുടെ ആദ്യ ഘട്ടമാണിത്. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗത്ത് 14 റെയിൽവേ സ്റ്റേഷനുകൾ ഉണ്ടാകും.

റെയിൽവേ പദ്ധതിക്കായി സംസ്ഥാന സർക്കാർ നേരിട്ട് ധനസഹായം അനുവദിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. പദ്ധതിചെലവിന്റെ 50 ശതമാനം കിഫ്ബി ഫണ്ടിലൂടെ സംസ്ഥാനം വഹിക്കാമെന്ന് സർക്കാർ നേരത്തെ തന്നെ റെയിൽവേയെ അറിയിച്ചിരുന്നു. തുടക്കത്തിൽ 2815 കോടി രൂപയായി കണക്കാക്കിയിരുന്ന പദ്ധതിചെലവ് ഇപ്പോൾ 3800 കോടി രൂപയ്ക്കു മുകളിലാണ്.

ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന അങ്കമാലിക്കടുത്താണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. ശബരി റെയിൽപാത കൂടി യാഥാർഥ്യമാകുന്നതോടെ വിവിധ ഗതാഗത സൗകര്യങ്ങളുടെ പ്രധാന സംഗമ കേന്ദ്രമായി അങ്കമാലി മാറും.

vachakam
vachakam
vachakam

ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷനായി തൊടുപുഴ മാറും. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി ഡാം, കുളമാവ്, രാമക്കൽമേട്, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും. കൂടാതെ ഭൂസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിൾ കൃഷി നടത്തുന്ന കർഷകർക്കും ശബരി റെയിൽപാത വലിയ ആശ്വാസമാകും.

ശബരിമല തീർഥാടകർക്കു സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഒരുക്കുന്നതിലും ശബരി റെയിൽപാത നിർണായകമാകും. മലയോര മേഖലയിലെ വാണിജ്യ-വ്യവസായ സംരംഭങ്ങൾക്ക് ഇത് കൂടുതൽ ഊർജം നൽകും. പാതയിലുടനീളം രൂപപ്പെടുന്ന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam