തിരുവനന്തപുരം: വിമർശനങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നടപടികൾ ശക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്. വൈസ് ചാൻസലർമാരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നേരിട്ട് സന്ദർശനം നടത്താനാണ് തീരുമാനം.
പരിപാടിയുടെ ഭാഗമായി നാളെ കേരള സർവകലാശാലയിലാണ് ആദ്യ സന്ദർശനം. സർവകലാശാലയിലെ ഫയലുകളും ഭരണനടപടികളും പരിശോധിക്കാനാണ് നീക്കമെന്ന സൂചനകളുണ്ട്.
അതേസമയം, സർവകലാശാലകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ലെന്നും, ബി. അശോകിന്റെ നടപടി സർവകലാശാലകളുടെ സ്വയംഭരണ സംവിധാനത്തിന് വിരുദ്ധമാണെന്നും വിമർശനം ഉയരുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ബി. അശോക് വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. വകുപ്പിന് കീഴിലുള്ള ഒമ്പത് സർവകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.
സർവകലാശാലകളുമായി വേഗത്തിലും എളുപ്പത്തിലും ആശയവിനിമയം നടത്തുന്നതിനായാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം. എന്നാൽ, സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളുടെ ഭരണത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്നുവെന്ന ആശങ്ക ഒരു വിഭാഗം വൈസ് ചാൻസലർമാർ പ്രകടിപ്പിച്ചിട്ടുണ്ട്.
ഐഎഎസ് തലത്തിലെ വ്യാപക അഴിച്ചുപണിയുടെ ഭാഗമായാണ് മുൻ എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്ന ബി. അശോകിനെ യുഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. നിയമനത്തിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നിരുന്നു. ബി. അശോകിന് സംഘപരിവാർ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
