തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ ഉണ്ടായ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമവും കേസ് ഡയറി തിരുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ നിര്‍ണായക നീക്കം. കേസ് അട്ടിമറിക്കാന്‍ അജിത്കുമാറിന്റെ തിരുവനന്തപുരത്തെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതുക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖര്‍ എഡിജിപിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറും. പൊലീസിലെ അമിതാധികാര ശക്തിയായി അജിത്കുമാര്‍ പ്രവര്‍ത്തിച്ചെന്ന വികാരം ശക്തമായ സാഹചര്യത്തില്‍, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിയാലോചിച്ചാവും അന്തിമ നടപടി സ്വീകരിക്കുക. കുറ്റം തെളിഞ്ഞാല്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ കര്‍ശന നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘം കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ഒരു പകല്‍ മുഴുവന്‍ തടഞ്ഞുവെച്ചതായും ഇതിന് പിന്നില്‍ അജിത്കുമാറിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായിരുന്നതായും പുതിയ റിപ്പോര്‍ട്ടിലുണ്ട്. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസിന്റെ ഡയറി അജിത്കുമാറിന്റെ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ തിരുത്തിയത് എഡിജിപിയുടെ അറിവോടെയും നിര്‍ദേശപ്രകാരവുമാണെന്ന് എസ്‌ഐടിക്ക് മൊഴി ലഭിച്ചിട്ടുണ്ട്.
നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓഫിസിലെ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു പങ്ക് എങ്കില്‍, പുതിയ റിപ്പോര്‍ട്ട് എഡിജിപിയെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്നതാണ്.
ഈ മാസം 31 ന് അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ എഡിജിപിമാരിലെ ഏറ്റവും സീനിയറായ അജിത്കുമാറിനാണ് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ ശക്തമായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പ്രമോഷന്‍ പൂര്‍ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സീനിയോറിറ്റി പട്ടിക പുതുക്കുന്നത്. എന്നാല്‍ വകുപ്പുതലത്തില്‍ സസ്‌പെന്‍ഷന്‍ നടപടികളോ, ചാര്‍ജ് മെമ്മോയോ, ക്രിമിനല്‍ കേസ് നടപടികളോ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് ചട്ടപ്രകാരം സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടാവില്ല.
അജിത്കുമാറിന് പദവി നഷ്ടമായാല്‍ സീനിയോറിറ്റി പട്ടികയില്‍ രണ്ടാമതുള്ള ജയില്‍ എഡിജിപി എസ്. ശ്രീജിത്താവും ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
